ഖത്തറിലെത്തിയത് അഞ്ചുകോടിയിലധികം യാത്രക്കാർ
text_fieldsഹമദ് എയർപോർട്ട്
ദോഹ: യാത്രക്കാരുടെ എണ്ണത്തിലും വിമാന സർവിസുകളിലും കഴിഞ്ഞർഷം വർധനയുണ്ടായതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി റിപ്പോർട്ട്. 2025ൽ 5.43 കോടി യാത്രക്കാരാണ് ഖത്തറിലെത്തിയത്. മുൻവർഷം ഇത് 5.27 കോടിയായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഖത്തറിലെ വിമാനയാത്രക്കാരുടെ എണ്ണത്തിൽ മൂന്നു ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. വിമാന സർവിസുകളുടെ എണ്ണത്തിൽ ഒരു ശതമാനം വർധനയുമുണ്ടായി. 2024ൽ 2,79,705 സർവിസുകളിൽനിന്ന് ഇത് 2,82,975 ആയി ഉയർന്നു. എന്നാൽ കാർഗോ, മെയിൽ സർവിസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി.
വിമാനയാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനക്കൊപ്പം പരിസ്ഥിതി സൗഹൃദമായ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകി ഖത്തറിലെ വ്യോമയാന മേഖല സുസ്ഥിരമായ വളർച്ച കൈവരിക്കുകയാണെന്ന് ഐ.സി.എ.ഒ ഗ്രൗണ്ട് ഇൻസ്ട്രക്ടറായ ഖമീസ് അബ്ദുല്ല അൽഖുലൈഫി ഒരു സ്വകാര്യ മാധ്യമത്തോട് വിശദീകരിച്ചു. കേവലം സൗകര്യങ്ങൾ വർധിപ്പിക്കുക മാത്രമല്ല, അവ ഉത്തരവാദിത്തത്തോടെയും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നുമുണ്ട്.
പശ്ചാത്തല സൗകര്യങ്ങളുടെ വിപുലീകരണത്തിലൂടെ വിമാനത്താവളത്തിലെ യാത്രാശേഷി 6.5 കോടിയായി ഉയർത്തിയിട്ടുണ്ട്. പുതിയ നിർമാണങ്ങൾ ഒഴിവാക്കി, നിലവിലുള്ള സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ഇത് വീണ്ടും ഉയർത്താൻ സാധിക്കും.ഡിജിറ്റൽ ട്വിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കാനും വിമാന നീക്കങ്ങൾ, അതുവഴി വിഭവ ഉപയോഗത്തിനും ഇന്ധന ലാഭമുണ്ടാക്കാനും സാധിക്കുന്നു.
വിമാനങ്ങളിൽ പരിസ്ഥിതി സൗഹൃദ ഇന്ധനം ഉപയോഗിക്കുന്നതിനുള്ള രാജ്യാന്തര ശ്രമങ്ങൾക്ക് ഖത്തർ പൂർണ പിന്തുണ നൽകുന്നുണ്ട്. 2026ഓടെ ഇതിൽ വലിയ പുരോഗതി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.ഐ.സി.എ.ഒ പോലുള്ള അന്താരാഷ്ട്ര സംഘടനകളിൽ ഖത്തറിന്റെ സ്വാധീനം വർധിച്ചുവരുകയാണ്. കഴിഞ്ഞ വർഷം ദോഹയിൽ നടന്ന കോൺഫറൻസും ‘ദോഹ ഡിക്ലറേഷനും’ വ്യോമയാന മേഖലയിലെ ഡിജിറ്റലൈസേഷനും കാര്യക്ഷമതക്കും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.വ്യോമയാന മേഖലയിലെ വളർച്ചയും പ്രകൃതി സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോകുന്ന മാതൃകയാണ് ഖത്തർ സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

