കൂടുതൽ ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിച്ചു; വിവിധ മേഖലകളിലെ സേവനങ്ങൾ സാധാരണ നിലയിൽ തുടരുന്നു -ആഭ്യന്തര മന്ത്രാലയം
text_fieldsഇന്ത്യൻ അംബാസിഡർ വിപുൽ കമ്യൂണിറ്റി സംഘടന നേതാക്കളുമായി നടത്തിയ വെർച്വൽ മീറ്റിങ്ങിനിടെ
ദോഹ: വ്യോമാതിർത്തി ഭാഗികമായി തുറന്നതോടെ കഴിഞ്ഞ ദിവസം നിരവധി ഇന്ത്യൻ പ്രവാസികളെ ദോഹയിൽനിന്ന് നാട്ടിലെത്തിച്ചു. ദോഹയിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലിൽ ഖത്തർ എയർവേസ് വിമാനങ്ങളിൽ കൊച്ചിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കുമായി 500ഓളം ഇന്ത്യൻ പൗരന്മാണ് യാത്ര ചെയ്തത്. കഴിഞ്ഞദിവസങ്ങളിൽ ദോഹയിൽ മരണപ്പെട്ട രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങളും അവരുടെ കുടുംബാംഗങ്ങളെയും എംബസിയുടെ ഇടപെടലിൽ കൊച്ചിയിലേക്ക് കൊണ്ടുപോകാൻ ഖത്തർ എയർവേസ് സൗകര്യമൊരുക്കിയിട്ടുണ്ട്.
ഖത്തർ വ്യോമാതിർത്തി ഭാഗികമായി മാത്രമേ തുറന്നിട്ടുള്ളൂ എന്നതിനാൽ, ഖത്തർ എയർവേസ് പരിമിതമായ സർവിസ് മാത്രമാണ് നടത്തുന്നത്. ഇന്ന് മുംബൈയിലേക്ക് ഒരു വിമാനം സർവിസ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.സംഘർഷ സാഹചര്യത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി എംബസി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ഇന്ത്യൻ അംബാസിഡർ വിപുൽ കമ്യൂണിറ്റി സംഘടനകളുടെ നേതാക്കളുമായി വെർച്വൽ മീറ്റിങ് നടത്തി. 100 കമ്യൂണിറ്റി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. യാത്രയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളോ മറ്റു കാര്യങ്ങളോ ഉണ്ടെങ്കിൽ ഹെൽപ് ലൈൻ നമ്പറുകൾ വഴി എംബസിയുടെ ശ്രദ്ധയിൽപ്പെടുത്താം, അല്ലെങ്കിൽ അപെക്സ് ബോഡി സംഘടനകളായ ഐ.സി.സി, ഐ.സി.ബി.എഫ് എന്നിവയെ അറിയിക്കാവുന്നതാണ്.
രാജ്യത്തെ സുരക്ഷാ സാഹചര്യം സുസ്ഥിരമാണെന്നും വിവിധ മേഖലകളിലെ സേവനങ്ങൾ സാധാരണ നിലയിൽ തുടരുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബന്ധപ്പെട്ട അധികാരികൾ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുകയാണ്.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തര മുൻകരുതൽ നടപടികൾ ആവശ്യമുള്ളപ്പോൾ മാത്രമാണ് നാഷണൽ വാണിങ് സിസ്റ്റം വഴി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇത്തരം അലേർട്ടുകളിൽ നൽകിയിട്ടുള്ള നിർദേശങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.
രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ വിപണി സുസ്ഥിരമായി നിലനിർത്തുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും വാണിജ്യ വ്യവസായ മന്ത്രാലയം വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും സാധനങ്ങൾ വാങ്ങുന്നതിനായി രാജ്യത്തെ 60 റീട്ടെയിൽ ഔട്ട്ലെറ്റുകൾ 24 മണിക്കൂറും പ്രവർത്തനം ഉറപ്പാക്കയിട്ടുണ്ട്. കൂടാതെ, രാജ്യത്തെ 138 ഭക്ഷ്യ -കുടിവെള്ള ഫാക്ടറികൾ അവയുടെ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. സാധനങ്ങളുടെ ഉൽപാദനത്തിലും വിതരണത്തിലും തടസ്സമില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക സംഘം ഫാക്ടറികളിൽ നേരിട്ട് പരിശോധന നടത്തുന്നുണ്ട്.
നിലവിലെ സാഹചര്യം മുതലെടുത്ത് സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതും സാധനങ്ങൾ പൂഴ്ത്തിവെക്കുന്നതും തടയാൻ കർശനമായ പരിശോധനകളും മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തുടരുകയാണ്. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. വിപണിയിൽ എന്തെങ്കിലും ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ 16001 എന്ന നമ്പറിൽ മന്ത്രാലയത്തെ അറിയിക്കാം.
ഉപഭോക്താക്കൾ ആവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങണമെന്നും, സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം ഓർമപ്പെടുത്തി. വിപണിയിലെ ലഭ്യതയെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. രാജ്യത്തെ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ എല്ലാ അവശ്യസാധനങ്ങളും സുലഭമാണെന്നും യാതൊരുവിധ ക്ഷാമവുമില്ലെന്നും മന്ത്രാലയം ഉറപ്പുനൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

