റെഡ്ലിസ്റ്റിൽ കൂടുതൽ രാജ്യങ്ങൾ
text_fieldsആരോഗ്യമന്ത്രാലയം ആസ്ഥാനം
ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോൺ കേസുകൾ പടരുന്ന പശ്ചാത്തലത്തിൽ ഗ്രീൻ ലിസ്റ്റിലുള്ള പത്തുരാജ്യങ്ങളെ കൂടി ഖത്തർ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. ജനുവരി എട്ടു ശനിയാഴ്ച മുതൽ മാറ്റം പ്രാബല്യത്തിൽവരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഓസ്ട്രിയ, എസ്തോണിയ, ഗ്രീസ്, ഗ്രീൻലാൻഡ്, ഹംഗറി, ഐസ്ലൻഡ്, ലാത്വിയ, പോർചുഗൽ, ട്രിനിഡാഡ് ആൻഡ് ടുബേഗോ, തുർക്കി എന്നീ രാജ്യങ്ങളാണ് പുതുതായി റെഡ്ലിസ്റ്റിലേക്ക് മാറ്റിയത്.
ഇതോടെ, ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളുടെ എണ്ണം 154ൽ നിന്നും 143 ആയി കുറഞ്ഞു. റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ എണ്ണം 47 ൽ നിന്നും 57 ആയും ഉയർന്നു. കോവിഡ് വ്യാപനതോത് കണക്കാക്കിയാണ് കൂടുതൽ രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, അതിതീവ്ര വ്യാപന പട്ടികയായ എക്സപ്ഷണൽ റെഡ് ലിസ്റ്റിൽ മാറ്റങ്ങളില്ല. ബംഗ്ലാദേശ്, ഈജിപ്ത്, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ബോട്സ്വാന, ലെസൂട്ടു, നമീബിയ, സിംബാബ്വെ എന്നീ രാജ്യങ്ങളാണ് എക്സപ്ഷണൽ റെഡ് ലിസ്റ്റിൽ ഉള്ളത്. ഒരാഴ്ച മുമ്പ് ഗ്രീൻ-റെഡ് ലിസ്റ്റ് പരിഷ്കരിച്ചതിനു പിന്നാലെയാണ് വീണ്ടും മാറ്റം. കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ച്, ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്ന മാറ്റം പ്രകാരം സൗദി, യു.എ.ഇ ഉൾപ്പെടെ രാജ്യങ്ങൾ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. 24 രാജ്യങ്ങളെ ഒറ്റയടിക്ക് റെഡ്ലിസ്റ്റിൽ ഉൾപ്പെടുത്തിയായിരുന്നു ഒരാഴ്ചമുമ്പത്തെ പരിഷ്കാരം.
നേരത്തേ ഗ്രീൻ ലിസ്റ്റിലായിരുന്ന സൗദി അറേബ്യ, യു.എ.ഇക്കും പുറമെ, അമേരിക്ക, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഇറ്റലി രാജ്യങ്ങളും റെഡ് ലിസ്റ്റിലാണുള്ളത്. നേരത്തേ എക്സപ്ഷണൽ റെഡ്ലിസ്റ്റിൽ ഉൾപ്പെട്ട ശ്രീലങ്ക, ഫിലിപ്പീന്സ്, സുഡാൻ എന്നീ രാജ്യങ്ങളെ തീവ്രത കുറഞ്ഞ റെഡ് ലിസ്റ്റിലേക്ക് മാറ്റി. റെഡ്ലിസ്റ്റിൽനിന്നും വരുന്ന ഖത്തർ പൗരന്മാർക്കും, താമസക്കാർക്കും രാജ്യത്ത് എത്തി 36 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ പരിശോധന പൂർത്തിയാക്കിയാൽ മതിയാവും. എന്നാൽ, സന്ദർശകർക്ക് രണ്ടു ദിവസ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

