ധാർമിക ചട്ടം; സ്വകാര്യ സ്കൂൾ മേധാവികളുമായി മന്ത്രാലയത്തിന്റെ കൂടിക്കാഴ്ച
text_fieldsസ്വകാര്യ സ്കൂളുകളുടെയും കിന്റർഗാർട്ടനുകളുടെയും മാനേജർമാരുമായി വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് നടത്തിയ യോഗം
ദോഹ: സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കുമായി അറബി, ഇംഗ്ലീഷ് ഭാഷകളിൽ പുറത്തിറക്കിയ ചാർട്ടറിലെ ധാർമിക ചട്ടങ്ങൾ നടപ്പാക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ സ്വകാര്യ സ്കൂളുകളുടെയും കിന്റർഗാർട്ടനുകളുടെയും പുരുഷ-വനിത മാനേജർമാരുമായി മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് നടത്തിയ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വകാര്യ സ്കൂളുകളും കിന്റർഗാർട്ടനുകളും നിർബന്ധമായും പാലിച്ചിരിക്കേണ്ടതും നടപ്പാക്കേണ്ടതുമായ നിരവധി കാര്യങ്ങൾ 2022ൽ പുറത്തിറക്കിയ ധാർമിക ചട്ടങ്ങൾ ഉൾപ്പെടുന്ന ചാർട്ടറിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസകാര്യ അസി. അണ്ടർ സെക്രട്ടറി ഉമർ അബ്ദുൽ അസീസ് അൽ നഅ്മ പറഞ്ഞു. സ്കൂൾ ഉടമകൾ, മാനേജർമാർ, അഡ്മിനിസ്ട്രേറ്റിവ്-ടീച്ചിങ് സ്റ്റാഫ്, രക്ഷിതാക്കൾ, വിദ്യാർഥികൾ, കൗൺസിലുകൾ തുടങ്ങി കോഡിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രവർത്തനങ്ങളുടെയും ചുമതലകളുടെയും പ്രധാന മെറ്റീരിയലുകൾക്ക് പുറമേയാണിതെന്നും അൽ നഅ്മ കൂട്ടിച്ചേർത്തു.
ആധികാരിക ഖത്തർ സമൂഹത്തിന്റെ മൂല്യങ്ങൾ ഉൾപ്പെടെ ഇസ്ലാമിക, ദേശീയ സ്വത്വ മൂല്യങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി.
നിരന്തരമായ സെമിനാറുകൾ, ശിൽപശാലകൾ, പരിപാടികൾ എന്നിവയിലൂടെ സ്കൂൾ സമൂഹത്തെ ബോധവത്കരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അഡ്മിനിസ്ട്രേറ്റിവ്, ടീച്ചിങ് ഗ്രൂപ്പുകൾക്കായി നിരന്തരമായ പരിശീലന ശിൽപശാലകൾ തയാറാക്കുന്നതിനൊപ്പം പുതിയ അധ്യാപകരെ ആ ധാർമിക മൂല്യങ്ങൾ സംബന്ധിച്ച് ബോധവൽക്കരിക്കണമെന്നും വിദ്യാർഥികൾക്കായി സമർപ്പിച്ചിരിക്കുന്ന വിപുലമായ പ്രവർത്തനങ്ങളും പരിപാടികളും നടത്തി ഇതെല്ലാം പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.
നിർബന്ധിത സാമഗ്രികളായാലും മറ്റ് പാഠ്യപദ്ധതികളായാലും അധ്യാപകർ എല്ലാ ശ്രമങ്ങളും ഏറ്റെടുക്കേണ്ടതിന്റെ പ്രാധാന്യം ഏറെയാണ്. പ്രസക്തമായ എല്ലാ കാര്യങ്ങൾക്കും വ്യക്തമായ കാഴ്ചപ്പാടും അംഗീകൃതമായ ആസൂത്രണവും സജ്ജീകരിക്കണം. ഈ അടിസ്ഥാന തത്ത്വങ്ങളെല്ലാം സുരക്ഷിതവും മികച്ചതുമായ സ്കൂൾ അന്തരീക്ഷം കൈവരിക്കാൻ അനിവാര്യമാണ്.
തങ്ങളുടെ റോളുകളും ഉത്തരവാദിത്തങ്ങളും മനസ്സിലാക്കുന്നതിന് രക്ഷിതാക്കൾ, അഡ്മിനിസ്ട്രേറ്റിവ്-ടീച്ചിങ് സ്റ്റാഫ് എന്നിവർക്കായി സ്കൂളുകൾ പിന്തുടരുന്ന പൊതു നയങ്ങൾ വ്യക്തമാക്കുന്നതിന് പ്രോട്ടോകോളുകൾ സജ്ജീകരിക്കണം. സ്വകാര്യ സ്കൂളുകളെയും കിന്റർഗാർട്ടനുകളേയും അതിന്റെ നയങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്ന പൊതു നയ മാർഗനിർദേശങ്ങൾ തയാറാക്കാൻ മന്ത്രാലം ഉദ്ദേശിക്കുന്നുണ്ട്. അവ പിന്നീട് പ്രഖ്യാപിക്കും. വിദ്യാഭ്യാസ കാര്യങ്ങൾക്കായി അസി. അണ്ടർ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഒരു സ്ഥിരം കൺസൽട്ടേറ്റിവ് കമ്മിറ്റി രൂപവത്കരിക്കാൻ ഉദ്ദേശിക്കുന്നു. മന്ത്രാലയം, സ്വകാര്യ സ്കൂളുകൾ, കിന്റർഗാർട്ടനുകൾ എന്നിവക്കിടയിൽ സ്ഥിരമായ പങ്കാളിത്തവും സഹകരണവും വളർത്തുന്നതിനുള്ള ശ്രമങ്ങളുണ്ടാവുമെന്നും അൽ നഅ്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

