മുഹമ്മദ് ബിൻ ഗാനിം അൽഗാനിം മാരിടൈം അക്കാദമി ബിരുദദാനം
text_fieldsമുഹമ്മദ് ബിൻ ഗാനിം അൽഗാനിം മാരിടൈം അക്കാദമി ബിരുദദാന ചടങ്ങിൽ
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: മുഹമ്മദ് ബിൻ ഗാനിം അൽ ഗാനിം മാരിടൈം അക്കാദമി ആദ്യ ബാച്ച് കാഡറ്റുകളുടെ ബിരുദദാനച്ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി രക്ഷാധികാരിയായി പങ്കെടുത്തു.
അൽ ഷമാലിലെ അക്കാദമി ആസ്ഥാനത്ത് നടന്ന പ്രൗഢമായ ചടങ്ങിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി, മന്ത്രിമാർ, ശൈഖുമാർ, വിശിഷ്ട വ്യക്തിത്വങ്ങൾ, നയതന്ത്ര ഉദ്യോഗസ്ഥർ, സൈനിക മേധാവികൾ, മുതിർന്ന സുരക്ഷ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സൗഹൃദ, സഹോദര രാഷ്ട്രങ്ങളിൽനിന്നുള്ള സൈനിക നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, അമീരി ഗാർഡ്, ഇന്റേണൽ സെക്യൂരിറ്റി (ലഖവിയ), സ്റ്റേറ്റ് സെക്യൂരിറ്റി എന്നിവിടങ്ങളിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും ബിരുദധാരികളുടെ രക്ഷിതാക്കളും അതിഥികളും ചടങ്ങിനെത്തി.ആദ്യ ബാച്ചിൽ 64 ഉദ്യോഗാർഥികളാണ് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയത്.
ബിരുദധാരികളുടെ ക്യൂവിനും സൈനിക പരേഡിനും ശേഷം ആദ്യ ബാച്ചിൽ മികച്ച പ്രകടനം കാഴ്ചവെച്ച എട്ട് ബിരുദധാരികളെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ആദരിച്ചു.