നവീകരിച്ച് വക്റ തുറമുഖം; ഉടൻ പ്രവർത്തനമാരംഭിക്കും
text_fieldsവക്റ തുറമുഖത്തിന്റെ ഒരു കാഴ്ച
ദോഹ: പുതിയ നങ്കൂരങ്ങളും സർവിസ് കെട്ടിടങ്ങളും ലൈറ്റുകളും മറ്റു സൗകര്യങ്ങളുമായി നവീകരിച്ച അൽവക്റ തുറമുഖത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകളുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. 368 നങ്കൂരങ്ങൾ, 188 ബോട്ട് സ്റ്റാൻഡുകൾ, 180 ബോട്ട് ഡോക്സ് എന്നിവയാണ് വക്റ തുറമുഖത്ത് സജ്ജീകരിച്ചിട്ടുള്ളത്.
22 അടി മുതൽ 46 അടിവരെ നീളമുള്ള അംഗീകൃത മത്സ്യബന്ധന ബോട്ടുകൾക്കും ക്രൂയിസ് ബോട്ടുകൾക്കും വക്റ തുറമുഖത്തിന്റെ സേവനം ലഭ്യമാകുമെന്ന് പ്രാദേശിക അറബിപത്രം അർറായ റിപ്പോർട്ട് ചെയ്തു.
വ്യത്യസ്ത വലുപ്പത്തിലുള്ള ബോട്ടുകൾ നിർത്തിയിടുന്നതിനായുള്ള പാർക്കിങ് ലോട്ടുകളും ക്രൂയിസ് കപ്പലുടമകൾക്കും മത്സ്യത്തൊഴിലാളികൾക്കുമുള്ള സേവനങ്ങളും തുറമുഖത്ത് സജ്ജമാക്കിയിട്ടുണ്ട്.
ഫ്ലോട്ടിങ് ഡോക്ക്സ്, വൈദ്യുതി, ലൈറ്റിങ് സേവനങ്ങളും ഇവിടെയുണ്ട്. ലോകോത്തര നിലവാരത്തിലുള്ളതും അത്യാധുനികവുമായ നാവിഗേഷനൽ സഹായവും സർവിസ് സൗകര്യങ്ങളും തുറമുഖത്തുണ്ട്.അഗ്നിശമന സംവിധാനങ്ങൾ, സി.സി ടി.വി കാമറകൾ, ബോട്ട് ലാൻഡിങ് ചൂട്ട്സ്, റീഫ്യുവലിങ് സ്റ്റേഷനുകൾ, അഡ്മിനിസ്േട്രറ്റിവ് ഓഫിസുകൾ എന്നിവയെല്ലാം ഒരുക്കിയാണ് തുറമുഖമൊരുങ്ങുന്നത്.
അൽ വക്റ തുറമുഖം നവീകരിക്കാനുള്ള അധികൃതരുടെ തീരുമാനത്തെ വക്റയിലെ മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും പ്രശംസിക്കുകയും ബോട്ടുകളുടെ സുരക്ഷിതമായ പാർക്കിങ്ങിന് ഇത് വലിയ സഹായമാകുമെന്നും പറഞ്ഞു. രാജ്യത്തെ മത്സ്യബന്ധന, ക്രൂയിസ് മേഖലകളുടെ വളർച്ചക്കും പുതിയ തുറമുഖം പ്രയോജനം ചെയ്യും.
2018ലാണ് വക്റ, അൽഖോർ, ദഖീറ, റുവൈസ് എന്നിവിടങ്ങളിലെ തുറമുഖങ്ങൾ നവീകരിക്കുന്നതിനും സ്വകാര്യ ബോട്ടുകൾക്കായുള്ള മൂറിങ് സൗകര്യങ്ങൾ തയാറാക്കുന്നതിനും ഗതാഗത മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവും തുടക്കം കുറിക്കുന്നത്. വിവിധ ഇടങ്ങളിലായി 1000 മൂറിങ് ബെർത്തുകൾ സ്ഥാപിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഖത്തറിന്റെ സാമ്പത്തിക വളർച്ചക്ക് സഹായകമാകുന്നതിന് സ്വകാര്യ മേഖലക്ക് പിന്തുണ നൽകാനും തുറമുഖത്തിനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

