മൊബൈല്‍ ഫോണ്‍ റിപ്പയര്‍ കടകളില്‍ പരിശോധന കര്‍ശനമാക്കി
text_fieldsദോഹ: ചില മൊബൈല്‍ ഫോണ്‍ റിപ്പയര്‍ കടകളിലെ ജീവനക്കാര്‍ ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് അധികൃതര്‍ പരിശോധന ശക്തമാക്കി. മൊബൈല്‍ ഫോണ്‍ കടകളില്‍ റിപ്പയറിംഗിനായി ഫോണുകള്‍ കൊണ്ടുവരുന്ന വനിതാ ഉപഭോക്താക്കളുടെ ഫോണില്‍ നിന്ന് അവരുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയശേഷം പിന്നീട് ജീവനക്കാര്‍ അവരെ ഭീഷണിപ്പെടുത്തുന്നു എന്ന് പരാതിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തിയതായി കണ്ടത്തെുകയും നിരവധിപേരെ പിടികുടുകയും ചെയ്തു. വനിതകളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച 35 മൊബൈല്‍ റിപ്പയറിംഗ് ഷോപ്പ് ജീവനക്കാരെ രണ്ട് വര്‍ഷം മുമ്പ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് (സി.ഐ.ഡി) അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്ത് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് പരിശോധിക്കുന്നത് സംബന്ധിച്ച് 2014 ല്‍ പതിനാലാം നമ്പര്‍ നിയമം നടപ്പാക്കിയിട്ടുണ്ടെന്നും സി.ഐ.ഡി പ്രതിനിധി ലഫ്.കേണല്‍ അലി ഹസ്സന്‍ അല്‍ ഖുബെയ്സി പറഞ്ഞു. എന്നാല്‍ രാജ്യത്ത് മൊബൈല്‍ ഫോണ്‍ വഴിയുള്ള ഭീഷണിപ്പെടുത്തല്‍ പ്രധാന പ്രശ്നമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടന്ന പരിശോധനയില്‍ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട്. വ്യക്തികള്‍ സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആപ്ളിക്കേഷനുകളില്‍ സൂക്ഷിക്കരുതെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നത് ഈ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാകുന്നുണ്ട്. അംഗീകൃത ഡീലര്‍മാരുടെ പക്കല്‍മാത്രമേ ഫോണ്‍ നന്നാക്കാന്‍ കൊടുക്കാവുയെന്നും പ്രമുഖ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ കടകളിലെ അധികൃതരും ഉപഭോക്താക്കളോട് അറിയിച്ചിരുന്നു. സൈബര്‍ ക്രൈം നിയമത്തിലെ ഒമ്പതാം വകുപ്പ് പ്രകാരം ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുവര്‍ക്ക് കുറഞ്ഞത് മൂന്ന് വര്‍ഷം തടവോ ഒരു ലക്ഷം റിയാല്‍ പിഴയോ അല്ളെങ്കില്‍ പിഴയും തടവും നല്‍കുകയോ ചെയ്യുന്ന നിയമമാണ് രാജ്യത്ത് നിലവിലുള്ളത്. അതേസമയം ഫോണില്‍ നിന്ന് കമ്പ്യൂട്ടര്‍ വഴി മറ്റൊരു ഫോണിലേക്ക് വിവരങ്ങള്‍ പകര്‍ത്തുന്നത് വിലക്കിയിട്ടുണ്ടെന്ന് അല്‍ നാസര്‍ സ്ട്രീറ്റിലെ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ കടയിലെ ജീവനക്കാരന്‍ വ്യക്തമാക്കി. പരിശോധന സംഘം പതിവായി സ്ഥാപനങ്ങളില്‍ എത്തി കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നുണ്ടെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
