മിശ്രിത പഠനരീതി അവിഭാജ്യ ഘടകമായി –ക്യു.എഫ് വിദ്യാഭ്യാസ വിദഗ്ധൻ
text_fieldsഖത്തർ ഫൗണ്ടേഷൻ വിദ്യാഭ്യാസ വിദഗ്ധൻ മെഹ്ദി ബെൻഷഅ്ബാൻ
ദോഹ: മിശ്രിത പഠനരീതി (ബ്ലെൻഡഡ് ലേണിങ് സംവിധാനം) വരുംകാലത്ത് വിദ്യാഭ്യാസ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായി മാറുമെന്ന് ഖത്തർ ഫൗണ്ടേഷൻ മുതിർന്ന വിദ്യാഭ്യാസ വിദഗ്ധൻ മെഹ്ദി ബെൻഷഅ്ബാൻ. 2021-2022 അധ്യയന വർഷത്തിലും മിശ്രിത പഠനരീതി തുടരാനുള്ള വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ തീരുമാനം അനിവാര്യവും കൃത്യവുമായിരുന്നുവെന്നും ഖത്തർ ഫൗണ്ടേഷൻ പ്രീ-യൂനിവേഴ്സിറ്റി എജുക്കേഷൻ ലേണിങ് ആൻഡ് ഇന്നവേഷൻ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടറായ ബെൻഷഅ്ബാൻ വ്യക്തമാക്കി. താമസക്കാർ അവധി കഴിഞ്ഞ് മടങ്ങുന്ന സാഹചര്യത്തിലും ഡെൽറ്റ വകഭേദം വ്യാപിച്ചതിനാലും രാജ്യത്തെ കോവിഡ് കേസുകൾ കണക്കിലെടുത്ത് വിദ്യാഭ്യാസ മന്ത്രാലയമെടുത്ത തീരുമാനം ഉചിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ ഫൗണ്ടേഷൻ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്. കാരണം, കഴിഞ്ഞ വർഷത്തെ സമാന സ്കൂൾ പ്രവർത്തന രീതി തൂടരാൻ തങ്ങളുടെ സ്കൂളുകളെയും അനുവദിക്കുന്നതാണ് തീരുമാനം. വിദ്യാർഥികളെ സ്കൂളിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ഉദാരമായ സമീപനം വേണമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ സ്കൂളുകളും സാധാരണ നിലയിലേക്ക് തിരികെ മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിലും അനിശ്ചിതാവസ്ഥയിൽ പഠനം നിലനിർത്താൻ മിശ്രിത പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.
പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.കോവിഡ് മഹാമാരിക്കും വർഷങ്ങൾക്ക് മുമ്പ് ബ്ലെൻഡഡ് ലേണിങ് സംവിധാനത്തെ ഖത്തർ ഫൗണ്ടേഷൻ ചർച്ച ചെയ്യുകയും പരിഗണിക്കുകയും ചെയ്തിരുന്നുവെന്നും ബെൻഷഅ്ബാൻ ചൂണ്ടിക്കാട്ടി. കോവിഡിെൻറ പശ്ചാത്തലത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിെൻറ പകുതിയോടെയാണ് ഖത്തർ െബ്ലൻഡഡ് പഠന സംവിധാനം പിന്തുടരാൻ തീരുമാനിച്ചത്. 30 ശതമാനം വിദ്യാർഥികൾക്ക് സ്കൂളിൽ പ്രവേശനം നൽകിയശേഷം ബാക്കിയുള്ളവർ ഓൺലൈനിൽ ചേരുന്നതായിരുന്നു കഴിഞ്ഞവർഷത്തെ രീതി. ഇൗവർഷം വാക്സിനേഷൻ ലക്ഷ്യത്തിലെത്തിയതോടെ 50:50 എന്ന അനുപാതത്തിലായി. ആകെ ശേഷിയുടെ പകുതി വിദ്യാർഥികൾ ക്ലാസിലെത്തുേമ്പാൾ ബാക്കിയുള്ളവർ വീട്ടിലിരുന്ന് പഠനം തുടരും. റൊട്ടേഷൻ സംവിധാനത്തിലാണ് ഇപ്പോൾ സ്കൂളുകൾ െബ്ലൻഡഡ് പഠന രീതി പിന്തുടരുന്നത്.