ടിഷ്യൂ ഈന്തപ്പന തൈകളുമായി മന്ത്രാലയം
text_fieldsദോഹ: ഈന്തപ്പനകൾ വെച്ചുപിടിപ്പിക്കുന്ന പുതു സീസണിന് മുന്നോടിയായി അരലക്ഷത്തിലേറെ തൈകൾ വികസിപ്പിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. ഗുണനിലവാരമുള്ള പ്രാദേശിക ഈന്തപ്പഴ ഉൽപാദനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലെ കാർഷിക ഗവേഷണ വിഭാഗം ടിഷ്യു കൾചർ സാങ്കേതികവിദ്യയുടെ സഹായത്തോടെ 28,000 ഈന്തപ്പനത്തൈകൾ ഉൽപാദിപ്പിച്ചത്.
കർഷകർക്കും ഫാമുകൾക്കും ചുരുങ്ങിയ വിലയ്ക്ക് ഈന്തപ്പനത്തൈകൾ വിൽക്കുമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. നല്ല ജനിതക ഗുണങ്ങളും ഉയർന്ന ഉൽപാദനക്ഷമതയും സവിശേഷവുമായ ഈന്തപ്പനത്തൈകൾ ടിഷ്യു കൾചറിലൂടെ ഉൽപാദിപ്പിച്ച് വിപണിയുടെയും കർഷകരുടെയും ആവശ്യം നിറവേറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഖനീസി, ഷിഷി, ബർഹി തുടങ്ങിയ പ്രമുഖ ഈന്തപ്പനകളുടെ തൈകളാണ് ടിഷ്യു കൾചറിലൂടെ ഉൽപാദിപ്പിച്ചതെന്ന് കാർഷിക ഗവേഷണ വകുപ്പ് മേധാവി ഹമദ് സാകീത് അൽ ഷമ്മാരി പറഞ്ഞു.
രാജ്യത്തെ എല്ലാ ഫാമുകൾക്കും വ്യക്തികൾക്കും വിതരണം ചെയ്യുന്നതിനായി ഒരു ലക്ഷം ഈന്തപ്പനത്തൈകൾ ഉൽപാദിപ്പിക്കാനാണ് പദ്ധതിയെന്ന് ഖത്തർ ടി.വിയോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.
തൈ ഒന്നിന് 85 റിയാൽ എന്ന നിരക്കിലാണ് വിതരണം ചെയ്യുന്നത്. ഓരോ പൗരനും 20 തൈകൾ ലഭ്യമാക്കും. ഫാമുകളുടെ ശേഷി കണക്കാക്കി നൂറ് മുതൽ 200 വരെ തൈകൾ എന്ന അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുക. തൈകൾക്കായി പൗരന്മാർക്കും ഫാമുടമകൾക്കും മന്ത്രാലയം വൈബ്സൈറ്റ് വഴി അപേക്ഷിക്കാമെന്നും അൽ ഷമ്മാരി സൂചിപ്പിച്ചു.
പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉൽപാദിപ്പിച്ച ഈന്തപ്പനത്തൈകൾ മികച്ച ഗുണനിലവാരവും സവിശേഷവുമായ ഫലങ്ങൾ നൽകുന്നതോടൊപ്പം കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷിയുമുള്ളതാണ്.
ഖത്തറിലെ ഈന്തപ്പനകൾക്കായി ഫീൽഡ് ജീൻ ബാങ്ക് നിർമിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി റൗദത് അൽ ഫറാസ് ഈന്തപ്പന ഗവേഷണകേന്ദ്രത്തിൽ പ്രവർത്തിക്കുകയാണെന്നും പദ്ധതിക്ക് കീഴിൽ ഖത്തറിനുള്ളിൽനിന്നും പുറത്തുനിന്നുമായി 600 ഈന്തപ്പനകൾ ശേഖരിച്ചിട്ടുണ്ടെന്നും കാർഷിക ഗവേഷണ വകുപ്പ് മേധാവി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

