സംയോജിത ഗതാഗത സംവിധാനവുമായി മന്ത്രാലയം
text_fieldsദോഹ മെട്രോ ലിങ്ക് ബസ്
ദോഹ: രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ തമ്മിലെ ഏകീകരണം സാധ്യമാക്കാൻ ഗതാഗത മന്ത്രാലയത്തിന്റെ പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പദ്ധതി വരുന്നു. സംയോജിതവും സുസ്ഥിരവുമായ ഗതാഗത സംവിധാനം ലഭ്യമാക്കുകയാണ് പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രാലയം ട്വീറ്റ് ചെയ്തു. മറ്റു സ്ഥാപനങ്ങളുടെ പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിവഴി അടുത്ത ഏതാനും വർഷങ്ങളിൽ പൊതുഗതാഗത യാത്രക്കാരുടെ എണ്ണം വർധിപ്പിക്കും.
പരിസ്ഥിതിസൗഹൃദ വൈദ്യുതി വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ മുൻനിര രാജ്യമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം വർധിപ്പിക്കുകയെന്നത് പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യങ്ങളുടെ ഭാഗമാണ്. ഖത്തറിന്റെ നൂതന പൊതുഗതാഗത മേഖലയെ പ്രതിഫലിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യകളും സവിശേഷതകളുമുള്ള, ഉയർന്ന നിലവാരത്തിലുള്ള സേവനവും സൗകര്യവും ഇത് വാഗ്ദാനം ചെയ്യുമെന്നും ട്വീറ്റിൽ കൂട്ടിച്ചേർത്തു.
പെട്രോൾ-ഡീസൽ ഉൾപ്പെടെ ഇന്ധന വാഹനങ്ങളുടെ കാർബൺ പുറന്തള്ളൽ കുറക്കുക, ഖത്തറിലെ വായു, കാലാവസ്ഥ എന്നിവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയെന്നതും പരിപാടിയുടെ ലക്ഷ്യങ്ങളിൽപെടുന്നു.
എട്ട് ബസ് സ്റ്റേഷനുകളും (അൽ സുഡാൻ, മുശൈരിബ്, ഗറാഫ, ലുസൈൽ, വക്റ, എജുക്കേഷൻ സിറ്റി, ഇൻഡസ്ട്രിയൽ ഏരിയ, വെസ്റ്റ്ബേ സെൻട്രൽ) ലുസൈൽ, ന്യൂ ഇൻഡസ്ട്രിയൽ ഏരിയ, അൽ വക്റ, അൽ റയ്യാൻ എന്നീ ഡിപ്പോകളും ഇതിലുൾപ്പെടും.
ഇ-ബസ് പ്രവർത്തനങ്ങൾക്കായി 650ലധികം ചാർജിങ് സ്റ്റേഷനുകളാണ് തയാറാക്കുന്നത്. പൊതുഗതാഗത ഉപയോക്താക്കളുടെ സേവനത്തിനായി അൽ ഖസ്സാർ, വക്റ, ലുസൈൽ, എജുക്കേഷൻ സിറ്റി എന്നിവിടങ്ങളിലായി നാല് പാർക്ക് ആൻഡ് റൈഡ് കേന്ദ്രങ്ങളുമുണ്ട്.
ദോഹ നഗരത്തിനകത്തും പുറത്തുമായി 2300ലധികം ബസ് സ്റ്റോപ്പുകൾ വികസിപ്പിക്കുന്നതും പരിപാടിയുടെ ഭാഗമാണ്. ഉയർന്ന ലോകനിലവാരത്തിനും സാങ്കേതികവിദ്യക്കും അനുസൃതമായാണ് ഇവ രൂപകൽപന ചെയ്തിരിക്കുന്നത്. അതേസമയം, ഫിഫ ലോകകപ്പ് ഖത്തർ 2022ന് ആതിഥേയത്വം വഹിക്കുന്നതിനുമുമ്പ് രാജ്യത്തെ പൊതുഗതാഗത വാഹനങ്ങളുടെ 25 ശതമാനം പരിസ്ഥിതി സൗഹൃദ മോഡിലേക്ക് മാറ്റുകയെന്ന ലക്ഷ്യം ഗതാഗത മന്ത്രാലയം കൈവരിച്ചിട്ടുണ്ട്.
പബ്ലിക് ബസുകൾ, സർക്കാർ സ്കൂൾ ബസുകൾ, ദോഹ മെട്രോ ഫീഡർ ബസുകൾ എന്നിവ ക്രമേണ വൈദ്യുതീകരിക്കുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. 2030ഓടെ ബസുകളിൽനിന്ന് പുറന്തള്ളപ്പെടുന്ന ഹാനികരമായ കാർബൺ അളവ് കുറക്കുന്നതിനാവശ്യമായ റോൾ-ഔട്ട് ശതമാനത്തിൽ എത്തുകയെന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

