കായിക വിദ്യാഭ്യാസ പാഠ്യപദ്ധതി നവീകരിക്കാൻ മന്ത്രാലയം
text_fieldsദോഹ: രാജ്യത്തെ കായിക വിദ്യാഭ്യാസ പാഠ്യപദ്ധതി നവീകരിക്കുന്നതിന് സന്നദ്ധമാണെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ബ്രിട്ടീഷ് അസോസിയേഷൻ ഫോർ ഫിസിക്കൽ എജുക്കേഷനുമായി സഹകരിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിലെ എക്സിക്യൂട്ടിവ് സമിതിയുമായും കായിക വിദ്യാഭ്യാസ വിദഗ്ധരുമായും സഹകരിച്ച് പാഠ്യപദ്ധതിയിൽ നവീകരണം നടത്താനാണ് മന്ത്രാലയം ആസൂത്രണം ചെയ്തിരിക്കുന്നത്. ഖത്തരി സമൂഹത്തിൽ പുതിയൊരു കായിക സംസ്കാരം വളർന്നുവന്നിരിക്കുകയാണെന്നും ആരോഗ്യപരമായ നിരവധി ഗുണങ്ങൾ ഇതിനുണ്ടെന്നതാണ് പ്രധാന കാരണമെന്നും പി.ആർ ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി ഒമർ അൽ യാഫിഈ പറഞ്ഞു.
ലോകത്തിന്റെ കായിക ഹബ്ബായി ഖത്തർ മാറിയിരിക്കുന്നു. എല്ലാ പ്രായക്കാരെയും ഉൾക്കൊള്ളും വിധത്തിലാണ് രാജ്യത്തിൻെറ കായിക സംസ്കാരം. ഖത്തറിലെ ബഹുമുഖ ശേഷിയുള്ള സ്റ്റേഡിയങ്ങളും ക്ലബുകളും കളിസ്ഥലങ്ങളും ഇതിന് കൂടുതൽ സഹായമാകുന്നു-ഒമർ അൽ യാഫിഈ കൂട്ടിച്ചേർത്തു. വിദ്യാർഥികൾക്കിയിലെ അടിസ്ഥാന ശാരീരിക മത്സരക്ഷമത വികസിപ്പിച്ചെടുക്കുകയാണ് കായിക വിദ്യാഭ്യാസത്തിൻെറ പ്രാഥമിക ലക്ഷ്യമെന്നും മന്ത്രാലയം സൂചിപ്പിച്ചു.