മൃഗ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കി മന്ത്രാലയം
text_fieldsദോഹ: മേയ്, ജൂൺ മാസങ്ങളിൽ 2,835 തൈകൾ വിതരണം ചെയ്യുകയും നട്ടുപിടിപ്പിക്കുകയും ചെയ്തതായി മന്ത്രാലയത്തിന്റെ രണ്ടാം പാദത്തിലെ പ്രവർത്തന റിപ്പോർട്ട് വിശദീകരിക്കുന്നു. കൂടാതെ, വേലികെട്ടിയ റൗദകളും നടീൽ സ്ഥലങ്ങളിലും 251 തവണ ഫീൽഡ് പരിശോധന നടത്തി. കൂടാതെ, 72 പ്രോസോപിസ് മരങ്ങൾ നീക്കം ചെയ്തു. ഈ കാലയളവിൽ പുതിയ ഒരു ക്വാറി സ്ഥാപിക്കുന്നതിനും ഒരെണ്ണം മാറ്റുന്നതിനും അപേക്ഷ ലഭിച്ചിട്ടുണ്ട്. രണ്ട് മൊബൈൽ ക്രഷർ യൂനിറ്റുകൾക്കും രണ്ട് സാൻഡ് സ്ക്രീനിങ് യൂനിറ്റുകൾക്കുമുള്ള പെർമിറ്റുകൾ പുതുക്കി. വിവിധ പരിശോധനകൾക്കായി 216 സൈറ്റ് സന്ദർശനങ്ങളും ക്രഷറുകളും ക്വാറികളുമായി ബന്ധപ്പെട്ട് 144 ലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.
മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് 114 റിപ്പോർട്ടുകൾ, സമുദ്രമേഖല -2, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം -61 തുടങ്ങിയവ ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അനധികൃത ക്യാമ്പുകളും ഫാമുകളും (64), മാലിന്യം വലിച്ചെറിയൽ (33), ലൈസൻസില്ലാത്ത പ്രവർത്തനങ്ങൾ (85) എന്നിവ ഉൾപ്പെടെ 265 പാരിസ്ഥിതിക ലംഘനങ്ങൾ ലാൻഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് ഈ സമയത്ത് രേഖപ്പെടുത്തി.
കൂടാതെ, റൗദയിലും വിജനമായ സ്ഥലങ്ങളിലും 78 ശുചീകരണ കാമ്പയിനുകളും നടത്തി.ഫീൽഡ് പട്രോളിങ്, സ്റ്റാറ്റിസ്റ്റിക്കൽ പഠനങ്ങൾ എന്നിവ അടക്കം സമുദ്ര സംരക്ഷണത്തിന്റെ ഭാഗമായി വ്യാപക നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കടൽജീവികളെ ബാധിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം, നിരോധിത വലകളും ഉപകരണങ്ങളും ഉപയോഗിക്കൽ, സംരക്ഷണ കേന്ദ്രങ്ങളിലെ മത്സ്യബന്ധനം എന്നിവയുൾപ്പെടെ 148 ലംഘനങ്ങളാണ് രേഖപ്പെടുത്തിയത്.
പ്രകൃതി സംരക്ഷണ മേഖലകളുടെ വികസനത്തിനും വിപുലീകരണത്തിനുമുള്ള നാച്വറൽ റിസർവ്സ് ഡിപ്പാർട്ട്മെന്റ് ശ്രദ്ധേയമായ മറ്റ് പ്രവർത്തനങ്ങളും ഇക്കാലയളവിൽ നടത്തിയിട്ടുണ്ട്. ഒട്ടകപ്പക്ഷിയുടെ മുട്ടകൾക്കായി ഒരു കൃത്രിമ ഹാച്ചറി വികസിപ്പിക്കുകയും വംശനാശഭീഷണി നേരിടുന്ന അറേബ്യൻ ഒറിക്സ് അടക്കമുള്ള ജീവിവർഗങ്ങൾക്കായി പ്രജനന-പുനരധിവാസ പരിപാടികൾ നടപ്പാക്കുകയും ചെയ്തു.
അൽ ശഹാനിയ റിസർവ് വികസനം, യുനെസ്കോയുടെ ലോക പൈതൃക പദവിക്കായി അൽ തഖിറ റിസർവിനെ നിർദേശിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, ഖോർ അൽ ഉദൈദ് വികസന പദ്ധതി, ബിൻ ഖന്നാം ദ്വീപ് സംരക്ഷണ പദ്ധതി എന്നിവയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ തുടർച്ചയായി നടക്കുകയാണ്. ജനങ്ങളിൽ പാരിസ്ഥിതികാവബോധം വളർത്തുന്നതിന് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പരിശീലന ശിൽപശാലകൾ, ശുചീകരണ കാമ്പയിനുകൾ, പരിശോധന കാമ്പയിനുകൾ, യോഗങ്ങൾ എന്നിവയും ഇക്കാലയളവിൽ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

