സ്കൂൾ പരിസരങ്ങളിൽ ഗതാഗത സുരക്ഷ ഉറപ്പാക്കാൻ ഗതാഗത മന്ത്രാലയം
text_fieldsദോഹ: രണ്ടുമാസത്തോളം നീണ്ട വേനലവധി കഴിഞ്ഞ് സ്കൂളുകൾ ഈ മാസം അവസാനത്തോടെ തുറക്കാനിരിക്കെ, സ്കൂൾ പരിസരങ്ങളിൽ പാലിക്കേണ്ട ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ച് ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗതാഗത മന്ത്രാലയം.
കാൽനടക്കാർക്കുള്ള മുന്നറിയിപ്പുകൾ, സ്കൂൾ സോണുകളിൽ വാഹനങ്ങളുടെ വേഗപരിധി നിയന്ത്രണം, വേഗം കുറക്കുന്നതിനുള്ള മറ്റു നിർദേശങ്ങൾ എന്നിങ്ങനെ പ്രധാനപ്പെട്ട നിർദേശങ്ങളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ മന്ത്രാലയം നൽകുന്നത്. ഡ്രൈവർമാരിൽ അവബോധം വളർത്താനും റോഡ് സുരക്ഷാ സംവിധാനങ്ങളിൽ ഏകീകരണം ഉറപ്പാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
അശ്ഗാൽ, മുവാസലാത്ത് (കർവ) എന്നിവയുമായി സഹകരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് കഴിഞ്ഞ വർഷം ഒരു ഗതാഗത സുരക്ഷാ പദ്ധതി നടപ്പാക്കിയിരുന്നു. പ്രധാനപ്പെട്ട ടൗണുകളിലും സ്കൂൾ പ്രവേശന കവാടങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ച് ഗതാഗതം സുഗമമാക്കുകയും തിരക്ക് കുറക്കുകയും എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സ്കൂൾ പരിസരങ്ങളിൽ ഗതാഗത സുരക്ഷയുടെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. ‘സ്കൂൾ സോൺ സേഫ്റ്റി പ്രോഗ്രാമി’ന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള 611 സ്കൂൾ പരിസരങ്ങളിൽ പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ വലിയ സുരക്ഷാ പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്. റോഡ് ക്രോസ് വാക്ക് മാർക്കിങ്ങുകൾ, കാൽനടയാത്രക്കാർക്കുള്ള കൈവരികൾ, ഇന്റർലോക്കുകൾ, റിഫ്ലെക്റ്റിവ് റോഡ് സ്റ്റഡുകൾ, ദിശാസൂചന ബോർഡുകൾ, ട്രാഫിക് സെൻട്രൽ ഐലൻഡുകൾ, പാർക്കിങ് സ്ഥലങ്ങൾ, സ്കൂൾ സോണുകൾക്ക് സമീപം 30 കിലോമീറ്റർ വേഗപരിധി നിയന്ത്രണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ നിരീക്ഷണ കാമറകൾ, ഓട്ടോമാറ്റിക് ഫയർ സപ്രഷൻ, ജി.പി.എസ് ട്രാക്കിങ്, ഡ്രൈവർ മോണിറ്ററിങ് ടെക്നോളജി എന്നിവയുൾപ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങളുള്ള 3000 ഇക്കോ ഫ്രണ്ട്ലി സ്കൂൾ ബസുകളും നിരത്തിലിറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

