നോമ്പുതുറക്കാൻ റോഡിൽ ഓവർസ്പീഡ് വേണ്ട...
text_fieldsദോഹ: വൈകുന്നേരങ്ങളിൽ ഇഫ്താറിന് ലക്ഷ്യ സ്ഥാനത്തെത്താൻ റോഡിൽ അമിത വേഗത വേണ്ടന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. നോമ്പ് തുറക്കാനും, പുലർച്ചെ നോമ്പു നോൽക്കാനുമുള്ള സമയത്ത് റോഡുകളിൽ അമിത വേഗത്തിൽ വാഹനം ഓടിക്കുന്നതും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതും അപകടങ്ങൾ വിളിച്ചുവരുത്തുമെന്നും ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഏതു സമയവും, പരിധിയിൽ കവിഞ്ഞ വേഗത പാടില്ലെന്നും, ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും നിർദേശിച്ചു. സ്വന്തം ജീവനൊപ്പം മറ്റുള്ളവരുടെ ജീവനും ഇത് അപായമായി മാറുമെന്നും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റിൽ വിശദീകരിക്കുന്നു.
ഡ്രൈവിങ്ങിനിടയിൽ നോമ്പു തുറക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണം. ഇഫ്താർ സമയമായാൽ വാഹനം നിർദിഷ്ട സ്ഥലങ്ങളിൽ പാർക്കു ചെയ്ത് നോമ്പു തുറക്കുന്നതാണ് സുരക്ഷിതം. ക്ഷീണം, തലകറക്കം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ വാഹനമോടിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക. കാരണം ഇത്തരം അവസ്ഥകളിൽ വാഹനമോടിക്കുമ്പോൾ അശ്രദ്ധക്കും അപകടങ്ങൾക്കും കാരണമായേക്കും.
റമദാനിൽ പൊതുവെ വൈകുന്നേരങ്ങളിലാണ് റോഡ് അപകടങ്ങൾ വർധിക്കുന്നത്. ഓഫിസുകളിൽ നിന്നും ജോലി കഴിഞ്ഞും തിരക്കു പിടിച്ച് വീടുകളിലേക്കും റൂമുകളിലേക്കുമുള്ള യാത്രയും, ഷോപ്പിങ് കഴിഞ്ഞുള്ള ധിറുതി പിടിച്ച യാത്രയുമെല്ലാം റോഡിലെ തിരിക്കിനും കാരണമാകുന്നു. മുൻകരുതലും തയാറെടുപ്പുമായി ഇത്തരത്തിലെ തിരക്കുപിടിച്ച ഓട്ടം ഒഴിവാക്കാവുന്നത്.
അതേസമയം കാൽനടക്കാർ റോഡ്, സിഗ്നൽ മുറിച്ചു കടക്കുന്നതിന് മുമ്പ്, ഇരുവശത്തും വാഹനങ്ങളില്ലെന്ന് ഉറപ്പാക്കണമെന്നും അടയാളപ്പെടുത്തിയ ക്രോസിങ് സോണുകളിൽ മാത്രം റോഡ് മുറിച്ചുകടക്കുകയും വേണമെന്നും മന്ത്രാലയം വിശദമാക്കി. വാഹനാപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി പ്രത്യേകിച്ച് രാത്രിയിൽ, റസിഡൻഷ്യൽ പരിസരങ്ങളിലെ ഉൾ റോഡുകളിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുതെന്നും പകരം, നിയുക്ത പാർക്കുകളിലോ പ്ലേ ഗ്രൗണ്ടുകളിലോ മാത്രം അനുവദിക്കണമെന്നും മന്ത്രാലയം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

