കുടുംബ ശാക്തീകരണ പദ്ധതിയുമായി സാമൂഹിക മന്ത്രാലയം
text_fieldsസാമൂഹിക വികസന, കുടുംബ കാര്യ മന്ത്രാലയം ദേശീയ സ്ട്രാറ്റജി ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻഅബ്ദുൽ റഹ്മാൻ ആൽഥാനി. മന്ത്രി ബുഥൈന ബിൻത് അലി
അൽ ജാബിർ അൽ നുഐമി സമീപം
ദോഹ: പരിചരണത്തിൽ നിന്നും ശാക്തീകരണത്തിലേക്ക് എന്ന പ്രമേയവുമായി സാമൂഹിക വികസന, കുടുംബ കാര്യമന്ത്രാലയത്തിന്റെ ദേശീയ സ്ട്രാറ്റജി അവതരിപ്പിച്ചു. മന്ത്രിമാർ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻഅബ്ദുൽറഹ്മാൻ ആൽഥാനിയാണ് 2025-2030 ദേശീയ സ്ട്രാറ്റജിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
സാമൂഹിക, കുടുംബ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ കാലോചിതമായ മാറ്റങ്ങളുടെ ചിന്തകളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് പുതിയ ദേശീയ പദ്ധതിയുടെ അവതരണമെന്ന് സാമൂഹിക വികസന, കുടുംബ കാര്യമന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി പറഞ്ഞു. ഖത്തരി സമൂഹം നേരിടുന്ന ആവശ്യങ്ങളെ അടിസ്ഥാനമാക്കി പരമ്പരാഗത പരിചരണ മാതൃകയിൽ നിന്ന് കൂടുതൽ സമഗ്രവും ശാക്തീകരിക്കപ്പെട്ടതും സുസ്ഥിരവുമായ സാമൂഹിക സുരക്ഷയാണ് പുതിയ പദ്ധതിയിലൂടെ അവതരിപ്പിക്കുന്നതെന്നും അവർ വിശദീകരിച്ചു. വിവിധ സർക്കാർ സ്ഥാപനങ്ങൾ, പൗര സമൂഹവും സ്ഥാപനങ്ങളും, ഗവേഷണ കേന്ദ്രങ്ങൾ എന്നിവയുടെ കൂടി സഹായത്തോടെയാണ് പദ്ധതി തയാറാക്കിയത്. അഞ്ചു പ്രധാന ഘടകങ്ങളിലൂന്നിയാണ് ദേശീയ സ്ട്രാറ്റജി വികസിപ്പിച്ചത്.
ഖത്തരി കുടുംബങ്ങൾക്ക് മികച്ച സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുകയാണ് പ്രധാനം. വിവിധ മേഖലകളിലും നേതൃതലത്തിലും സജീവമായി ഇടപെടാൻ കഴിയും വിധം ഖത്തരി വനിതകൾക്ക് ശാക്തീകരണം ഉറപ്പാക്കും. ഭിന്നശേഷിക്കാർ, മുതിർന്നവർ, വിധവകൾ, വിവാഹമോചിതർ, അനാഥകൾ ഉൾപ്പെടെ ദുർബല വിഭാഗങ്ങൾക്ക് സാമൂഹിക സുരക്ഷക്കും സേവനത്തിനും ഊന്നൽ നൽകും. പൊതു, സാമൂഹിക സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവർക്ക് ജീവകാരുണ്യ, സന്നദ്ധ സേവന രംഗത്ത് ഇടപെടാനും പ്രവർത്തിക്കാനും പിന്തുണ ഉറപ്പാക്കും. സാമ്പത്തിക ശാക്തീകരണം, ഉൽപാദന ക്ഷമത ഉൾപ്പെടെ മേഖലകളിലൂടെ കുടുംബങ്ങൾക്കും വ്യക്തികൾക്കും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും സുപ്രധാനമായ ലക്ഷ്യങ്ങളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

