റാസ് മത്ബഖിൽ ചെമ്മീൻ കൃഷി വിളവെടുപ്പുമായി മന്ത്രാലയം
text_fieldsവിളവെടുത്ത വനാമി ഇനത്തിൽപെട്ട ചെമ്മീൻ
ദോഹ: റാസ് മത്ബഖിലെ അക്വാറ്റിക് റിസർച് സെൻററിൽ ആദ്യഘട്ട ചെമ്മീൻ വിളവെടുപ്പ് പൂർത്തിയായതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഫിഷ് വെൽത്ത് ഡിപ്പാർട്മെൻറുമായി സഹകരിച്ച് ലോകത്ത് കൃഷിയിലൂടെ ഏറ്റവുമധികം ഉൽപാദിപ്പിക്കപ്പെടുന്ന വനാമി ഇനത്തിൽപെട്ട 900 കിലോഗ്രാം ചെമ്മീനാണ് ആദ്യ ഘട്ടത്തിൽ വിളവെടുത്തത്. കൃഷി സമ്പൂർണ വിജയകരമായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.2018-2029 കാലയളവിലേക്കുള്ള ദേശീയ ഭക്ഷ്യസുരക്ഷ സ്ട്രാറ്റജിയുമായി ബന്ധപ്പെട്ടാണ് റാസ് മത്ബഖിൽ അക്വാറ്റിക് റിസർച് സെൻറർ സ്ഥാപിക്കപ്പെടുന്നത്.മത്സ്യകൃഷി പദ്ധതികളുടെ ന്യൂക്ലിയസ് എന്നാണ് കേന്ദ്രത്തെ കണക്കാക്കുന്നത്.
രാജ്യത്തിെൻറ മത്സ്യസമ്പത്ത് ശേഖരത്തിന് പിന്തുണ നൽകാനും മത്സ്യമുൾപ്പെടെയുള്ള ഫ്രഷ് ഭക്ഷ്യ ഉൽപാദനത്തിൽ സ്വയം പര്യാപ്തത വരിക്കുന്നതിലേക്കുള്ള പിന്തുണ നൽകുകയും ലക്ഷ്യംവെച്ചാണ് അക്വാറ്റിക് റിസർച് സെൻറർ സ് ഥാപിക്കപ്പെടുന്നത്.ഫ്ലോറിഡയിൽ നിന്നാണ് വനാമി ഇനത്തിൽപെട്ട ചെമ്മീൻ കുഞ്ഞുങ്ങളെ കൃഷിക്കായി എത്തിച്ചതെന്ന് ഫിഷ് വെൽത്ത് ഡിപ്പാർട്മെൻറ് മേധാവി അബ്ദുൽ അസീസ് മുഹമ്മദ് അൽ ദിഹൈമി പറഞ്ഞു.
സെൻററിൽ രണ്ടര ലക്ഷം ചെമ്മീൻ ലാർവകളെ ഉൽപാദിപ്പിക്കുകയും അതിൽനിന്ന് 160,000 ലാർവകളെ വളർത്തുന്നതിനായുള്ള കുളങ്ങളിലേക്ക് മാറ്റുകയും ചെയ്തതായും 2021 മാർച്ച് അവസാനത്തോടെ രണ്ട് മില്യൻ ലാർവകളെ ഉൽപാദിപ്പിക്കാനാണ് പദ്ധതിയെന്നും അൽ ദിഹൈമി വ്യക്തമാക്കി. വാണിജ്യാടിസ്ഥാനത്തിലുള്ള ഫിഷ് ഫാമിങ് പ്രോജക്ട് നിർമാണത്തിലാണ്. നിർമാണം പൂർത്തിയാകുന്നതോടെ സ്വകാര്യ ഫിഷ് ഫാമിങ് പദ്ധതികൾക്കായി സബ്സിഡി നിരക്കിൽ ചെമ്മീൻ കുഞ്ഞുങ്ങളെ നൽകും.2021ഓടെ വിപണിയിൽ ഇവയെ എത്തിക്കാനാണ് പദ്ധതിയെന്നും അക്വാറ്റിക് റിസർച് സെൻറർ മേധാവി ഇബ്രാഹീം സൽമാൻ അൽ ഹസൻ അൽ മുഹന്നദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.