ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മൊആവിൻ പ്ലാറ്റ്‌ഫോമുമായി തൊഴിൽ മന്ത്രാലയം
text_fieldsദോഹ: ഖത്തറിലെ തൊഴിൽ മേഖലയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി, ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് സുതാര്യത വർധിപ്പിക്കുന്നതിനും എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ‘മൊആവിൻ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് തൊഴിൽ മന്ത്രാലയം.
ലൈസൻസുള്ള റിക്രൂട്ട്‌മെന്റ് ഓഫിസ് പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ തൊഴിൽ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ശൈഖ നജ്‌വ ബിൻത് അബ്ദുറഹ്മാൻ ആൽഥാനി മൊആവിൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. റിക്രൂട്ട്‌മെന്റ് ഓഫിസുകളുമായുള്ള സഹകരണം വർധിപ്പിക്കുക, അവരുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക, പ്രധാന വെല്ലുവിളികൾ പ്രത്യേകിച്ച് റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നിവയും യോഗം ചർച്ചചെയ്തു.
ഖത്തറിന്റെ ഗാർഹിക റിക്രൂട്ട്‌മെന്റ് മേഖലിൽ ’മൊആവിൻ’ പ്ലാറ്റ്‌ഫോം മികച്ചൊരു ചുവടുവെപ്പാണെന്ന് ശൈഖ നജ്‌വ ബിൻത് അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു. ഇത് നീതിയും കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുന്നുവെന്നും തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഒരുപോലെ പ്രയോജനകരമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിന്റെ എല്ലാ ഘട്ടങ്ങളും മൊആവിൻ പ്ലാറ്റ്‌ഫോം ലളിതമാക്കുന്നു. റിക്രൂട്ട്‌മെന്റ് ഓഫിസുകൾക്ക് ഒരു ഏകീകൃത ഡിജിറ്റൽ പോർട്ടൽ വഴി അപേക്ഷകൾ ക്രമീകരിക്കാൻ കഴിയും. അതേസമയം, തൊഴിലുടമകൾക്ക് ഇതിലൂടെ സേവനവും വിലനിർണയവും അടിസ്ഥാനമാക്കി തൊഴിലാളികളെയും ലൈസൻസുള്ള ഓഫിസുകളെയും തെരഞ്ഞെടുക്കാവുന്നതുമാണ്.
മൊആവിൻ പ്ലാറ്റ്‌ഫോമിലൂടെ റിക്രൂട്ട്‌മെന്റ് ഓഫിസുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സമഗ്രമായ ഡേറ്റ മന്ത്രാലയത്തിന് ലഭ്യമാകും. ഇതിലൂടെ വിശകലനവും പ്രശ്‌നങ്ങളെ തിരിച്ചറിഞ്ഞ് കൃത്യമായി ഇടപെടാനും മേഖലയുടെ സ്ഥിരത ശക്തിപ്പെടുത്താനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

