18 നഴ്സറികൾകൂടി തുറക്കാൻ തൊഴിൽ മന്ത്രാലയം അനുമതി
text_fieldsദോഹ: കടുത്ത നിയന്ത്രണങ്ങളോടെയും സുരക്ഷാ മുൻകരുതലുകളോടെയും രാജ്യത്തെ 18 നഴ്സറികൾക്കുകൂടി തുറന്നു പ്രവർത്തിക്കാൻ ഭരണവികസന തൊഴിൽ സാമൂഹിക മന്ത്രാലയം അനുമതി നൽകി. നഴ്സറികൾക്ക് പ്രവർത്തനാനുമതി നൽകുന്ന മൂന്നാമത് പട്ടികയാണ് മന്ത്രാലയം പുറത്തിറക്കിയത്. ഇതോടെ, പ്രവർത്തനാനുമതി ലഭിച്ചവയുടെ എണ്ണം 47 ആയി. നഴ്സറികൾ തുറന്നു പ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാ മാനദണ്ഡങ്ങളും സുരക്ഷാ പ്രതിരോധ മുൻകരുതലുകളും പാലിച്ചതിനാലാണ് നഴ്സറികൾ തുറക്കുന്നതിന് അനുമതി നൽകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയം മുന്നോട്ട് വെച്ച മാനദണ്ഡങ്ങളും നിർദേശങ്ങളും പാലിക്കുന്നതിനനുസൃതമായി മറ്റു നഴ്സറികൾക്കും അനുമതി നൽകുമെന്നും അതിെൻറ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചു. അനുമതി നൽകിയ നഴ്സറികൾ: അകോൺ നഴ്സറി, മൈ കെയർ നഴ്സറി, അൽ ഫരീജ് നഴ്സറി, സ്മാർട്ട് സ്റ്റാർട്ട് നഴ്സറി, ലീപ് അഹെഡ് നഴ്സറി, അൽ ഖുലൂദ് നഴ്സറി, കിഡ്സ് ഗാർഡൻ, ബറാറ നഴ്സറി അൽ അസീസിയ, ബേർഡ്സ് നഴ്സറി, റൈൻബോ നഴ്സറി, എജുക്കേറ്റ് മി നഴ്സറി, സ്നോവൈറ്റ് നഴ്സറി, ഹാപ്പി കിഡ്സ് നഴ്സറി, ലൈഫ് ടൈം നഴ്സറി, കിഡ്സോൺ നഴ്സറി 3, അൽ ബറാഇം നഴ്സറി, ഗ്രാൻഡ്മാ നഴ്സറി 3, അൽ ജൗറി നഴ്സറി.

