വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം: കോവിഡ് വാക്സിൻ: ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും ആശങ്ക വേണ്ട
text_fieldsദോഹ: ഗർഭിണികളും മുലയൂട്ടുന്നവരും കോവിഡ്-19 വാക്സിൻ എടുക്കുന്നത് സംബന്ധിച്ച് വിശദീകരണവുമായി പൊതുജനാരോഗ്യ മന്ത്രാലയം.ഒബ്സ്റ്റട്രിക്സ് മേധാവി ഡോ. സൽവാ അബൂ യാഖൂബ്, വിമൻസ് വെൽനസ് റിസർച് സെൻറർ ഗൈനക്കോളജി സീനിയർ കൺസൽട്ടൻറുമാരായ ഡോ. മർയം ബലൂഷി, ഡോ. ഗമാൽ അഹ്മദ്, പൊതുജനാരോഗ്യ മന്ത്രാലയം വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് എന്നിവർ സംയുക്തമായി തയാറാക്കി പുറത്തിറക്കിയ ലഘുലേഖയിലാണ് ഗർഭിണികളുടെ വാക്സിൻ സംബന്ധിച്ച വിശദീകരണം.
ഗർഭിണികളാകാൻ തയാറെടുക്കുന്നവർ, ഗർഭിണികൾ, മുലയൂട്ടുന്നവർ എന്നിവർ വാക്സിൻ എടുക്കുന്നത് സംബന്ധിച്ച വ്യക്തമായ വിവരങ്ങളാണ് ലഘുലേഖയിൽ അടങ്ങിയിരിക്കുന്നത്.വാക്സിനേഷനുമായി ബന്ധപ്പെട്ട് ലഭിച്ച ചോദ്യങ്ങളുടെ ഉത്തരമായാണ് വിശദീകരണം ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഗർഭിണികൾക്ക് വാക്സിൻ എടുക്കാമോ?
അതേ, ചില വാക്സിനുകൾ ഗർഭിണികൾക്ക് സ്വീകരിക്കാം. നോൺ ലൈവ് വാക്സിനായ ഫ്ലൂ വാക്സിൻ, വൂപിങ് കഫ് വാക്സിൻ എന്നിവ വർഷങ്ങളായി ഗർഭിണികൾക്ക് നൽകിക്കൊണ്ടിരിക്കുന്നുണ്ട്. ഇതുമൂലം ഗർഭിണിക്കും കുഞ്ഞിനും എന്തെങ്കിലും അപകടം സംഭവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.ഖത്തറിൽ കോവിഡ്-19ന് നൽകിക്കൊണ്ടിരിക്കുന്ന ഫൈസർ, മൊഡേണ വാക്സിൻ എന്നിവ നോൺ ലൈവ് വാക്സിൻ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇതിനാൽ തന്നെ അവ സ്വീകരിക്കാം.
ഗർഭ കാലയളവിൽ കോവിഡ് വാക്സിൻ സുരക്ഷിതമാണോ?
ഖത്തറിൽ ലഭ്യമായ ഫൈസർ, മൊഡേണ വാക്സിനുകളിൽ ഗർഭിണിക്കും ഗർഭസ്ഥ ശിശുവിനും അപകടം വരുത്തുന്ന ഘടകങ്ങൾ അടങ്ങിയിട്ടില്ല.ബ്രിട്ടനിലെ വാക്സിനേഷൻ ജോയൻറ് കമ്മിറ്റി, മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ െപ്രാഡക്ട്സ് റെഗുലേറ്ററി ഏജൻസി, അമേരിക്കയിലെ എഫ്.ഡി.എ എന്നിവരും ഗർഭിണികൾക്ക് വാക്സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ഇതിെൻറ സ്ഥിരീകരണവുമായി ബന്ധപ്പെട്ട പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
ഗർഭിണികൾക്ക് വാക്സിനേഷൻ എടുക്കുന്നത് അനിവാര്യമായിട്ടുണ്ടോ, കോവിഡ്-19 ബാധിക്കാനുള്ള സാധ്യത കൂടുതലുണ്ടോ എന്ന കാര്യം പരിഗണിക്കണമെന്ന് വാക്സിനേഷൻ ജോയൻറ് കമ്മിറ്റി നിർദേശം നൽകുന്നുണ്ട്.
നിർബന്ധമായും വാക്സിൻ എടുക്കേണ്ടതുണ്ടോ?
രണ്ട് ഓപ്ഷനുകളാണുള്ളത്. ഡോക്ടറെ സമീപിച്ച് ഉപദേശം തേടിയതിനുശേഷം വാക്സിനെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.അല്ലെങ്കിൽ പ്രസവിക്കുന്നത് വരെയോ മുലയൂട്ടൽ നിർത്തുന്നത് വരെയോ കാത്തിരിക്കുകയും ചെയ്യാം.വാക്സിനെടുക്കുന്നതിലൂടെ രോഗം വരാൻ സാധ്യതയില്ല.
ഗർഭ കാലയളവിൽ എപ്പോൾ വാക്സിനെടുക്കണം?
ദേശീയ വാക്സിനേഷൻ േപ്രാഗ്രാമിെൻറ ഭാഗമായി മുൻഗണന പട്ടികയിൽ ഉൾപ്പെടുകയും അപ്പോയ്ൻമെൻറ് ലഭിക്കുകയും ചെയ്താൽ വാക്സിനെടുക്കാം.വാക്സിനെടുക്കുന്നതിന് മുമ്പായി ഡോക്ടറെ സമീപിച്ച് ഉപദേശം തേടാം. ഇവിടെ രണ്ട് മാനദണ്ഡങ്ങളാണ് വാക്സിൻ സ്വീകരിക്കുന്നതിനുള്ളത്. ഒന്ന്, ഗർഭിണിയായിരിക്കുകയും മറ്റുള്ളവരേക്കാളധികം വൈറസുമായി ഇടപഴകാൻ സാധ്യതയുണ്ടാവുകയും ചെയ്താൽ വാക്സിനെടുക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ രോഗപ്രതിരോധ ശേഷി കുറയുന്നതുമായി ബന്ധപ്പെട്ട രോഗാവസ്ഥ ഉണ്ടെങ്കിൽ ഡോക്ടറുടെ ഉപദേശം തേടിയതിന് ശേഷവും വാക്സിനെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കണം.
വാക്സിനേഷൻ നടത്തിയാലുള്ള പ്രയോജനങ്ങൾ?
കോവിഡ് രോഗം വരാനുള്ള സാധ്യതകൾ കുറയും.രോഗം വന്ന് മരണം സംഭവിക്കാനുള്ള സാധ്യതകളും കുറയും. കൂടാതെ ഗർഭകാലയളവിന് മുമ്പായി കുഞ്ഞ് ജനിക്കുന്നതിനുള്ള സാധ്യത കുറയും.മറ്റുള്ളവരിലേക്ക് വൈറസ് പകരാൻ സാധ്യത കുറയും. പുതുതായി ലഭിച്ച പ്രതിരോധശേഷി കുഞ്ഞിനും ലഭിക്കും.കൂടാതെ ഡോക്ടറുമായി കൂടിയാലോചിച്ച് 28 ആഴ്ചകൾക്കുള്ളിൽ ഏത് സമയവും രണ്ട് ഡോസും സ്വീകരിക്കാം.
അതിനുശേഷവും സ്വീകരിക്കാവുന്നതാണ്. വാക്സിൻ സ്വീകരിക്കുന്നതിലൂടെ പ്രജനനശേഷി കുറയുമെന്നത് സംബന്ധിച്ച് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.ആദ്യ ഡോസ് എടുത്തശേഷം ഗർഭിണിയാവുകയാണെങ്കിൽ ഡോക്ടറെ കണ്ടതിനുശേഷം രണ്ടാം ഡോസും സ്വീകരിക്കുന്നതിന് തടസ്സമില്ല.കോവിഡ് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങൾക്കും ഡോക്ടറുടെ നിർദേശം സ്വീകരിക്കണം.മുലയൂട്ടുന്നതിനിടയിലും കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് പ്രത്യേക തടസ്സങ്ങളൊന്നുമില്ല. അപകട സാധ്യതകൾ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

