അർമേനിയ ഫലസ്തീനെ അംഗീകരിച്ചത് ഖത്തർ സ്വാഗതം ചെയ്തു
text_fieldsദോഹ: അർമേനിയ റിപ്പബ്ലിക് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചത് സ്വാഗതം ചെയ്ത് ഖത്തർ. ദ്വിരാഷ്ട്ര പരിഹാരത്തെയും മേഖലയിൽ സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിനെയും പിന്തുണക്കുന്ന സുപ്രധാന ചുവടുവെപ്പാണിതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച ഖത്തർ ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുമെന്ന് കൂട്ടിച്ചേർത്തു. കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ലെ അതിർത്തി പ്രകാരം സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെ ആശ്രയിച്ചാണ് മേഖലയിൽ സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഗസ്സയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു.
