വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഖത്ഫ പരിപാടി സമാപിച്ചു
text_fieldsഖത്ഫ പരിപാടിയുടെ സമാപന ചടങ്ങിൽനിന്ന്
ദോഹ: വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും അജ് യാൽ അൽതർബവി സെന്ററുമായി സഹകരിച്ച് നടത്തിയ ‘ഖത്ഫ’ പ്രോഗ്രാം സമാപിച്ചു. വിദ്യാഭ്യാസത്തെയും വിനോദത്തെയും സംയോജിപ്പിച്ച് അറിവ് നൽകുന്നതിനൊപ്പം മത, ധാർമിക -ദേശീയമൂല്യങ്ങൾ വളർത്താനും ഉദ്ദേശിച്ചുള്ള വിദ്യാഭ്യാസ പദ്ധതിയാണ് ‘ഖത്ഫ’. കതാറ കലാസാംസ്കാരിക ഗ്രാമത്തിൽ നടന്ന സമാപന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതിർ സന്നിഹിതയായി. കൂടാതെ ഉദ്യോഗസ്ഥരും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.
2023 ആഗസ്റ്റിൽ ആരംഭിച്ച പ്രോഗ്രാമിൽ രണ്ട് അക്കാദമിക് വർഷങ്ങളിലായി വിദ്യാഭ്യാസം, സംസ്കാരം, കായികം, സ്കിൽ തുടങ്ങിയ മേഖലകളിൽ ലക്ഷ്യമിട്ട് നിരവധി പരിപാടികൾ നടന്നു. ഒരു പ്രഫഷനൽ അധ്യാപക ടീമിന്റെ മേൽനോട്ടത്തിൽ വിദ്യാർഥികൾക്ക് അവരുടെ പരിസ്ഥിതിയിൽനിന്നുകൊണ്ട് കഴിവുകൾ കണ്ടെത്താനും വികസിപ്പിക്കാനും അവസരം ലഭിച്ചു.ഖത്ഫ സാമൂഹിക പ്രവർത്തനങ്ങളുട ഭാഗമായി പരിസ്ഥിതി മന്ത്രാലയങ്ങളുമായി ചേർന്ന് കുട്ടികളിൽ പരിസ്ഥിതിബോധം വർധിപ്പിക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. തുര്ക്കിയിൽ ഭൂകമ്പം ബാധിച്ചവർക്ക് ഖത്തർ ചാരിറ്റിയുമായി സഹകരിച്ച് വിവിധ സഹായങ്ങളും ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ച് സ്കൂൾ സാമഗ്രികളുടെ വിതരണവും നടത്തി.
1,867 കുട്ടികൾ പങ്കാളികളായ പരിപാടിയിൽ 27 ലോക്കൽ യാത്രകളും രണ്ട് അന്താരാഷ്ട്ര യാത്രകളും സംഘടിപ്പിച്ചിരുന്നു. കുട്ടികളുടെ മനസ്സ് തുറക്കാനും വ്യക്തിത്വം വളർത്താനും പരിപാടി സഹായകമായി. സമാപന ചടങ്ങിൽ പദ്ധതിയുടെ സ്പോൺസർമാരെയും പങ്കെടുത്ത കുട്ടികളെയും മന്ത്രി ആദരിച്ചു. ഖത്ഫ എന്നത് അറിവും വിനോദവും മൂല്യങ്ങളും ലക്ഷ്യബോധവും ഒരുമിച്ച് ചേർന്ന സമഗ്ര വിദ്യാഭ്യാസ അനുഭവമായിരുന്നെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

