ഭാവി നേതൃത്വത്തിനായി വിദ്യാഭ്യാസ മന്ത്രാലയം ‘ഫ്യൂച്ചർ ലീഡർ’
text_fieldsവിദ്യാഭ്യാസ മന്ത്രാലയം ഫ്യൂച്ചർ ലീഡേഴ്സ് പരിപാടിയിൽനിന്ന്
ദോഹ: ഭാവിയിൽ ദേശീയ വിദ്യാഭ്യാസ സംവിധാനത്തെ ഫലപ്രദമായി നയിക്കാൻ ശേഷിയുള്ള നേതാക്കളെ വാർത്തെടുക്കുന്നതിന് ‘ഫ്യൂച്ചർ ലീഡർ’ പരിപാടിക്ക് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തുടക്കംകുറിച്ചു. അന്താരാഷ്ട്ര സ്ഥാപനമായ ഫ്രാങ്ക്ളിൻകോവിയുമായി സഹകരിച്ച് മന്ത്രാലയത്തിന് കീഴിലെ പരിശീലന, വികസന കേന്ദ്രമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ദോഹയിൽ കേന്ദ്രം വിളിച്ചുചേർത്ത ഓറിയന്റേഷൻ സെഷനിലാണ് ‘ഫ്യൂച്ചർ ലീഡർ’ പരിപാടി പ്രഖ്യാപിച്ചത്. നിരവധി അധ്യാപകരും പരിശീലനക്കാരും പരിപാടിയിൽ പങ്കെടുത്തു. നേതൃ, ഭരണ കഴിവുകളിൽ പരിശീലനം നൽകുന്നതിന് പുറമെ, ദേശീയ പ്രതിഭകളെ യോഗ്യരാക്കുന്നതിനും നേതൃത്വത്തിന്റെ രണ്ടാം നിരയെ തയാറാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ സംരംഭമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.
ഖത്തറിന്റെ സാംസ്കാരിക, വിദ്യാഭ്യാസ സവിശേഷതകളുമായും മാനദണ്ഡങ്ങളുമായും പൊരുത്തപ്പെട്ടുകൊണ്ടുതന്നെ, ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട നേതൃപരിശീലന രീതികളിലൂന്നിയാണ് ഈ പരിപാടി രൂപകൽപന ചെയ്തിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. വിവരാധിഷ്ഠിതമായി തീരുമാനമെടുക്കാൻ പ്രോത്സാഹിപ്പിക്കുന്ന, മികച്ച ആശയങ്ങൾ വളർത്തിയെടുക്കുന്ന സംരംഭമായ ‘ഫ്യൂച്ചർ ലീഡർ’ വിശകലനം, രൂപകൽപന, പ്രയോഗം, വിലയിരുത്തൽ എന്നിവയിൽ മികച്ച പരിശീലനം നൽകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

