റമദാനിൽ സഹായവുമായി ഔഖാഫ് മന്ത്രാലയം
text_fieldsഔഖാഫ് ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്മെന്റ്സ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദോഹ: റമദാനിൽ അർഹരായവർക്ക് സഹായവുമായി ഔഖാഫ് ഇസ്ലാമിക മതകാര്യ മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്മെന്റ്സ് ഹിഫ്സ് അൽ നഈമ സെന്ററുമായും വഖഫ് ഫണ്ട് ഫോർ റൈറ്റ്യസ്നെസുമായും സഹകരിച്ചാണ് 'ഗിവിങ് ബാസ്കറ്റ്' പദ്ധതി.
ഇതിലൂടെ രാജ്യത്തുടനീളമുള്ള 2,000ത്തിലധികം കുടുംബങ്ങൾക്ക് അവശ്യ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യും. ദാതാക്കളുടെ താൽപര്യങ്ങൾക്കനുസൃതമായി വഖഫ് വരുമാനവും ദാനധർമങ്ങളും ശരിയായ രീതിയിൽ വിനിയോഗിക്കുന്നതിനും സഹായം ലഭിക്കുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതിനും ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്മെന്റ്സ് നടത്തുന്ന പ്രധാന സംരംഭങ്ങളിലൊന്നാണ് 'ഗിവിങ് ബാസ്കറ്റ്'. പരസ്പര സഹകരണത്തിന്റെയും കാരുണ്യത്തിന്റെയും മൂല്യങ്ങൾ മുറുകെ പിടിക്കുന്ന റമദാനിൽ സഹായങ്ങൾ യഥാർഥ ഗുണഭോക്താക്കളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഡയറക്ടറേറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്മെന്റ്സ് ഡയറക്ടർ ജനറൽ എൻജിനീയർ ഹസൻ ബിൻ അബ്ദുല്ല അൽ മർസൂഖി പറഞ്ഞു. തുടർച്ചയായ ആറാം വർഷമാണ് ഹിഫ്സ് അൽ നഈമ സെന്റർ പദ്ധതിയിൽ പങ്കാളിയാകുന്നത്. റമദാൻ മാസത്തിൽ കുടുംബങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്നു. ഇത്തരം മാനുഷിക പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ അദ്ദേഹം ജീവകാരുണ്യ പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

