ഔഖാഫ് മന്ത്രാലയം സക്കാത് സഹായങ്ങൾ വിതരണം ചെയ്തു
text_fieldsദോഹ: ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന്റെ സകാത് വിഭാഗം ആഗസ്റ്റിൽ 19,61 4,218 ഖത്തർ റിയാൽ സാമ്പത്തിക സഹായം വിതരണം ചെയ്തു. രാജ്യത്തുടനീളമുള്ള 2,000ത്തിലധികം അർഹരായ കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ശരീഅത്ത് തത്ത്വങ്ങൾക്കും അംഗീകൃത ചട്ടങ്ങൾക്കും അനുസൃതമായി രാജ്യത്തെ യോഗ്യരായ ഗുണഭോക്താക്കൾക്ക് സകാത് ഫണ്ടുകൾ എത്തിക്കുന്നതിനുള്ള വകുപ്പിന്റെ പ്രതിബദ്ധത കലക്ഷൻ ആൻഡ് സകാത് അക്കൗണ്ട്സ് വിഭാഗം മേധാവി മർവ അഹ്മദ് അൽബിനാലി ഉറപ്പിച്ചു.
ഇത് സകാത് നൽകുന്നവരുടെ ബാധ്യത നിറവേറ്റുക മാത്രമല്ല, വിവിധ കുടുംബങ്ങളിൽ സുരക്ഷിതത്വവും സ്ഥിരതയും നൽകുകയും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നുവെന്നും അവർ പഞ്ഞു. രണ്ട് വിഭാഗങ്ങളിലാണ് സഹായം നൽകിയത്. പ്രതിമാസ സഹായമായി ഭക്ഷണം, താമസം, ജീവിതച്ചെലവുകൾ എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾക്കായി 13,222,565 ഖത്തർ റിയാൽ കൈമാറി. അടിയന്തര ആവശ്യങ്ങൾക്കനുസൃതമായി ചികിത്സ, ട്യൂഷൻ ഫീസ്, കടാശ്വാസം എന്നിവ ഉൾപ്പെടെ 6,391,653 ഖത്തർ റിയാൽ സഹായമാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

