കുടുംബ വിസക്കാർക്ക് തൊഴിൽ വിപണി എളുപ്പമാക്കി മന്ത്രാലയം
text_fieldsദോഹ: പ്രവാസികളുടെ ഭാര്യമാരും മക്കളുമായി കുടുംബ വിസയിലുള്ളവർക്ക് ഖത്തറിലെ തൊഴിൽ മേഖലയിൽ എളുപ്പത്തിൽ പ്രവേശിക്കാമെന്ന് വ്യക്തമാക്കി ഖത്തർ തൊഴിൽ മന്ത്രാലയം. പ്രവാസികളുടെ ഭാര്യമാരും, മക്കളുമായി ഖത്തറിൽ കുടുംബവിസയിൽ താമസിക്കുന്ന അർഹരായ ആളുകളെ നേരിട്ട് തൊഴിൽ വിപണിയിലെത്തിക്കാൻ മന്ത്രാലയത്തിനു കീഴിൽ കഴിയുമെന്ന് അധികൃതർ വിശദീകരിച്ചു. തൊഴിലുടമകൾക്ക് അർഹരായ യോഗ്യതയുള്ള ഉദ്യോഗാർഥികളെ തദ്ദേശീയ വിപണിയിൽനിന്നു തന്നെ കണ്ടെത്താൻ സഹായിക്കുന്നതാണ് ഈ സൗകര്യം. വിദേശ രാജ്യങ്ങളിൽനിന്നുള്ള റിക്രൂട്ട്മെന്റ് നടപടികൾ ഒഴിവാക്കാനും ചെലവ് ചുരുക്കാനും ഇതുവഴി സാധ്യമാകും.
രണ്ട് ഔദ്യോഗിക നടപടികളിലൂടെ പ്രവാസികളുടെ ഭാര്യമാർക്കും മക്കൾക്കും തൊഴിൽ ഉറപ്പിക്കാൻ കഴിയുമെന്ന് തൊഴിൽ മന്ത്രാലയത്തിലെ ലേബർ കോൺട്രാക്ട് അറ്റസ്റ്റേഷൻ വിഭാഗം മേധാവി ഗാനിം റാഷിദ് അൽ ഗാനിം ഖത്തർ ടി.വിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.യോഗ്യതയുള്ളവർ തൊഴിൽ മന്ത്രാലയത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിലെ ‘ജോയിൻ ലേബർ മാർക്കറ്റ്’ സേവനത്തിൽ അപേക്ഷിക്കുകയാണ് ആദ്യ നടപടി.ഈ സേവനം വഴി യോഗ്യരായ അപേക്ഷകർക്ക് സ്വതന്ത്രമായി തൊഴിൽ നടപടി ആരംഭിക്കാൻ സഹായിക്കുന്നു. കുടുംബ റെസിഡൻസി ഉടമക്കോ, അല്ലെങ്കിൽ തൊഴിലുടമക്കോ നേരിട്ട് വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ സൗകര്യമൊരുക്കുന്നതാണ് രണ്ടാമത്തെ നടപടി.
ഗാനിം റാഷിദ് അൽ ഗാനിം
ഖത്തർ ഐ.ഡി, ആക്ടിവ് റെസിഡൻസി സ്റ്റാറ്റസ്, നാഷനൽ അഡ്രസ് രജിസ്േട്രഷൻ എന്നിവയുള്ളവരാണ് ഇങ്ങനെ തൊഴിലിന് അപേക്ഷിക്കാൻ അർഹരായവർ. അപേക്ഷയിൽ ഉപയോഗിച്ചിരിക്കുന്ന ഫോൺ നമ്പർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അൽ ഗാനിം പറഞ്ഞു. കുടുംബ വിസയിലുള്ളവരെ തൊഴിലിന് നിയമിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ തൊഴിൽ നിയമങ്ങൾ പൂർണമായും പാലിച്ചിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സുതാര്യത ഉറപ്പാക്കുന്നതിനായി എല്ലാ അപേക്ഷകളും നാഷനൽ ഓതന്റിഫിക്കേഷൻ സിസ്റ്റം വഴി സമർപ്പിക്കണമെന്നും നിർദേശമുണ്ട്. ഖത്തറിൽ പ്രവാസികളായ പ്രിയപ്പെട്ടവരുടെ ആശ്രിതരായി കുടുംബ വിസയിൽ കഴിയുന്ന ലക്ഷത്തോളം വരുന്നവർക്ക് തൊഴിൽ വിപണിയിലേക്ക് വഴിയൊരുക്കുന്നതാണ് മന്ത്രാലയത്തിന്റെ ഈ നിർദേശം. പ്രഫഷനൽ മികവും, പരിചയവും യോഗ്യതയുമുള്ളവരെ ദേശീയ തൊഴിൽ മേഖലയിലെത്തിക്കാനും ഇതുവഴി സൗകര്യമാവും. ഉദ്യോഗാർഥിയോ, തൊഴിലുടമയോ ഒരു അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ, അത് എല്ലാ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് മന്ത്രാലയത്തിന് ഉറപ്പാക്കാൻ കഴിയും.അംഗീകാരം ലഭിച്ചാൽ, തൊഴിൽ കരാർ, ഫീസ് അടക്കൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരം എന്നീ പ്രക്രിയകളും പൂർത്തിയാകും. ഏറ്റവും ഒടുവിൽ വ്യക്തിയുടെ റെസിഡൻസി സ്റ്റാറ്റസ് കുടുംബ സ്പോൺസർഷിപ്പിൽനിന്നും തൊഴിൽ റെസിഡൻസിയിലേക്ക് മാറുന്നതോടെ നടപടി അവസാനിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

