പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ പട്രോളിങ് ഊർജിതമാക്കി മന്ത്രാലയം
text_fieldsപ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ അൽ ദഖീറയിലെ പർപ്ൾ ഐലൻഡ്
ദോഹ: ഈദ് അവധിക്കാലത്ത് സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാനും പ്രാദേശിക ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുമായി പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലും വനപ്രദേശങ്ങളിലും പട്രോളിങ് ശക്തമാക്കി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം.
പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത, പൊതുജനങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തൽ എന്നിവയുടെ ഭാഗമായി പരാതികളും നിർദേശങ്ങളും പരിസ്ഥിതി ലംഘനങ്ങളും മന്ത്രാലയത്തിന്റെ മുഴുസമയ ഹോട്ട്ലൈനായ 16066 വഴി സമർപ്പിക്കാൻ സാധിക്കും. അതേസമയം, പരിസ്ഥിതി സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് മന്ത്രാലയം അറിയിച്ചു. കടൽത്തീരവും, സമുദ്ര മേഖലകളും സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി ഉത്തരവാദിത്തം എല്ലാവരും ഉയർത്തിപ്പിടിക്കണമെന്നും അധികൃതർ ആഹ്വാനം ചെയ്തു.
വന പ്രദേശങ്ങളും സംരക്ഷിത പ്രകൃതികളും സന്ദർശിക്കുമ്പോൾ സസ്യങ്ങളെയും മരങ്ങളെയും സംരക്ഷിക്കുക, നിയുക്ത പ്രദേശങ്ങളിൽ മാത്രം മാലിന്യം നിക്ഷേപിക്കുക തുടങ്ങി പരിസ്ഥിതി സൗഹൃദ രീതികൾ പാലിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
പരിസ്ഥിതി മാർഗനിർദേശങ്ങളും സൗഹൃദ രീതികളും പാലിക്കുന്നത് പരിസ്ഥിതിയോടുള്ള നമ്മുടെ ഉത്തരവാദിത്തത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും, പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നുവെന്നും മന്ത്രാലയം സൂചിപ്പിച്ചു.
ദ്വീപുകളിലേക്കും സീലൈൻ, ഖോർ അൽ ഉദൈദ് പ്രദേശങ്ങളിലും സന്ദർശനം നടത്തുമ്പോൾ സമുദ്ര പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും സഹായിക്കുന്നതിനുള്ള പരിസ്ഥിതി മാർഗനിർദേശങ്ങളും നിയമങ്ങളും പാലിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അഭ്യർഥിച്ചു. പെരുന്നാൾ അവധി ദിനങ്ങളിൽ ദോഹയിലെയും രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലെയും സന്ദർശക കേന്ദ്രങ്ങളിൽ മന്ത്രാലയം ഉദ്യോഗസ്ഥരുടെ കർശന പരിശോധന തുടരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

