കുട്ടികൾക്കൊരു തെരുവ്
text_fieldsഅൽ ഷമാൽ മുനിസിപ്പാലിറ്റിയിലെ ദലൂഫ് പാർക്കിൽ നിർമിച്ച ചിൽഡ്രൻസ് സ്ട്രീറ്റ് 2. ഉദ്ഘാടനശേഷം ചിൽഡ്രൻസ് സ്ട്രീറ്റ് സന്ദർശിക്കുന്ന വിശിഷ്ടാതിഥികൾ
ദോഹ: കുട്ടികൾക്ക് പഠിച്ചും കളിച്ചും വളരാൻ ചിൽഡ്രൻസ് സ്ട്രീറ്റ് എന്ന പേരിൽ ഒരു വേറിട്ട ഇടമൊരുക്കി മുനിസിപ്പാലിറ്റി മന്ത്രാലയം.അൽ ഷമാൽ മുനിസിപ്പാലിറ്റിക്കു കീഴിൽ അബു അൽ ദലൂഫ് പാർക്കിലാണ് റാസ് ലഫാൻ കമ്യൂണിറ്റി ഔട്ട്റീച് പ്രോഗ്രാമുമായി സഹകരിച്ച് മന്ത്രാലയം നൂതന വിനോദ വിജ്ഞാന പദ്ധതി പൂർത്തിയാക്കിയത്.
കുട്ടികൾക്ക് സുരക്ഷിതമായ സാഹചര്യം ഒരുക്കി പരിസ്ഥിതിയെയും സാമൂഹിക ചുറ്റുപാടിനെയും അടുത്തറിയാനും പരിശീലിക്കാനുമുള്ള സൗകര്യങ്ങളോടെയാണ് പുതുമയേറിയ ആശയവുമായി കുട്ടികളുടെ തെരുവ് സജ്ജമാക്കിയത്.
അൽ ഷമാൽ മുനിസിപ്പാലിറ്റി ഡയറക്ടർ ഹമദ് ജുമാ അൽ മന്നാഇ, റാസ് ലഫാൻ കമ്യൂണിറ്റി ഔട്റീച്ച് പ്രോഗ്രാം, മുനിസിപ്പാലിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു. അൽ ദലൂഫ് പാർക്കിന്റെ ഭാഗമായി 7243 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മേഖലയിലാണ് ചിൽഡ്രൻസ് സ്ട്രീറ്റ് തയാറാക്കിയത്. നിർമാണത്തിലും ഘടനയിലും കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചുകൊണ്ട് അവർക്ക് എളുപ്പത്തിൽ ഉപയോഗിക്കാനുള്ള സൗകര്യത്തോടെയാണ് പൂർത്തിയാക്കിയത്.
ലളിതവും ആകർഷകവുമായ രീതിയിൽ കുട്ടികളുടെ മനസ്സിൽ ട്രാഫിക് സുരക്ഷാ ചിന്തകളും, ഉത്തരവാദിത്തവും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസപരവും വിനോദപരവുമായ ഇടങ്ങളാണ് ചിൽഡ്രൻസ് സ്ട്രീറ്റിന്റെ സവിശേഷത.
പച്ചപ്പും മരങ്ങളും ഉൾപ്പെടെ പരിസ്ഥിതി സൗഹൃദ നിർമാണങ്ങൾ, കുട്ടികളെ ആകർഷിക്കുന്ന കളിയിടങ്ങൾ, വ്യായാമ, വിശ്രമ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടെയാണ് ശാസ്ത്രീയമായി തയാറാക്കിയ ചിൽഡ്രൻസ് സ്ട്രീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

