പരിസ്ഥിതി-സുസ്ഥിരത പ്രോത്സാഹനം: വിദ്യാർഥികളെ അനുമോദിച്ച് മന്ത്രാലയം
text_fieldsമന്ത്രിക്ക് പുനരുപയോഗ വസ്തുക്കളിൽ നിന്ന് നിർമിച്ച ഹെൽമറ്റ് സമ്മാനിക്കുന്നു
ദോഹ: ദേശീയ സുസ്ഥിരത ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നൂതനമായ എൻജിനീയറിങ്, പരിസ്ഥിതി പ്രോജക്റ്റുകൾ അവതരിപ്പിച്ച വിദ്യാർഥികളെ പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇ ആദരിച്ചു.
മന്ത്രാലയത്തിൽ വിദ്യാർഥികൾ നടത്തിയ സന്ദർശനത്തിനിടെയാണ് ആദരം സംഘടിപ്പിച്ചത്.സസ്റ്റൈനബ്ൾ എൻജിനീയറിങ് ടെക്നോളജി ഹാക്കത്തോൺ ഉൾപ്പെടെ 120 മണിക്കൂർ ദൈർഘ്യമുള്ള ഏഴ് ശാസ്ത്ര-സാങ്കേതിക കണ്ടുപിടിത്തങ്ങളുടെ ഒരു മൊബൈൽ ഇന്ററാക്ടിവ് പ്രദർശനവും സന്ദർശനത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.
വെള്ളം, ഊർജം, മലിനീകരണം, റീ സൈക്ലിങ് എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ക്രിയാത്മകമായ പരിഹാരങ്ങൾ പ്രദർശനത്തിലൂടെ വിദ്യാർഥികൾ അവതരിപ്പിച്ചു.
ഭക്ഷണാവശിഷ്ടം ജൈവ കമ്പോസ്റ്റാക്കി മാറ്റാവുന്ന സോളാർ ഊർജത്തിൽ പ്രവർത്തിക്കുന്ന യന്ത്രം, മണ്ണിന്റെ ഈർപ്പം അളക്കാൻ ഉപയോഗിക്കാവുന്ന വ്യോമ സംവിധാനം, വായുവിന്റെ ഗുണനിലവാരം, താപ മാറ്റങ്ങൾ, സമുദ്ര മലിനീകരണം എന്നിവ നിരീക്ഷിക്കാൻ നിർമിച്ച വിദ്യാഭ്യാസ-പരിസ്ഥിതി സാറ്റലൈറ്റ് മാതൃക എന്നിവ വിദ്യാർഥികൾ അവതരിപ്പിച്ച പ്രോജക്റ്റുകളിൽ ഉൾപ്പെടുന്നു.
കൂടാതെ, കുറഞ്ഞ ചെലവിൽ ജല ശുദ്ധീകരണ സംവിധാനം, കെട്ടിട നിർമാണ മാലിന്യങ്ങളെ പുനരുപയോഗിക്കാവുന്ന വസ്തുക്കളാക്കി മാറ്റുന്ന പദ്ധതി, സസ്റ്റൈനബ്ൾ മൊബിലിറ്റിയെ പിന്തുണയ്ക്കുന്ന സോളാർ ഊർജത്തിൽ പ്രവർത്തിക്കുന്ന ഗതാഗത സംവിധാനം തുടങ്ങിയ ആശയങ്ങളും വിദ്യാർഥികൾ പരിചയപ്പെടുത്തി.
സസ്റ്റൈനബ്ൾ ഡെവലപ്മെന്റ് സെന്ററിൽനിന്ന് 40 വിദ്യാർഥികളാണ് മന്ത്രാലയം സന്ദർശിച്ചത്.സുസ്ഥിരതആശയങ്ങൾ കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാട് വിദ്യാർഥികൾ പങ്കുവെച്ചു.നൂതനമായ പാരിസ്ഥിതിക പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിൽ യുവജനങ്ങൾക്കുള്ള പങ്കും അവർ ചൂണ്ടിക്കാട്ടി.സന്ദർശനത്തിനിടെ പുനരുപയോഗ വസ്തുക്കളിൽനിന്ന് നിർമിച്ച ഹെൽമറ്റും ഉപഹാരവും വിദ്യാർഥികൾ മന്ത്രിക്ക് സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

