പ്രീ-കിന്റർഗാർട്ടൻ നടപടി തുടങ്ങി മന്ത്രാലയം
text_fieldsവിദ്യാഭ്യാസ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി മഹാ അൽ
റുവൈലി ക്യൂ.എൻ.എക്കു നൽകിയ അഭിമുഖത്തിൽ
സംസാരിക്കുന്നു
ദോഹ: മൂന്നു വയസ്സുകാർക്ക് കിന്റർഗാർട്ടനുകളിൽ പ്രവേശനം നൽകുന്ന പ്രീ കിന്റർഗാർട്ടൻ പദ്ധതിക്ക് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം വിദ്യാഭ്യാസകാര്യ അസി. അണ്ടർ സെക്രട്ടറി മഹാ അൽ റുവൈലി തുടക്കംകുറിച്ചു. സമഗ്ര പഠനങ്ങൾക്ക് ശേഷമാണ് മൂന്ന് വയസ്സുള്ള കുട്ടികൾക്കായി പ്രീ-കിന്റർഗാർട്ടനിൽ ചേർക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതെന്നും പുതിയ അധ്യായനവർഷം ആരംഭിക്കുന്ന ആഗസ്റ്റിൽ ഇത് ആരംഭിക്കുമെന്നും ഖത്തർ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അൽ റുവൈലി കൂട്ടിച്ചേർത്തു.
ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ മേഖലകളിലായി നാല് സ്കൂളുകളെയാണ് തിരഞ്ഞെടുത്തതെന്നും പൗരന്മാരോട് അവരുടെ മൂന്ന് വയസ്സുള്ള കുട്ടികളെ ഈ സ്കൂളുകളിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടതായും അവർ വ്യക്തമാക്കി.
ചെറുപ്രായത്തിൽതന്നെ വിദ്യാഭ്യാസത്തിന് പ്രധാന്യമുണ്ടെന്ന് വിശ്വസിക്കുന്നു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കുട്ടികളെ പ്രചോദിപ്പിക്കുന്നതിൽ ഇത് വലിയ സ്വാധീനമുണ്ടാക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
കുട്ടിക്കാലം യഥാർഥ സമ്പത്താണെന്നും രാജ്യങ്ങളുടെ പുരോഗതിയിൽ കുട്ടികളെ വലിയ നിക്ഷേപമായാണ് കണക്കാക്കുന്നതെന്നും അവർ പറഞ്ഞു. ഈ ഘട്ടത്തിലാണ് മനുഷ്യസ്വഭാവം വളർത്തിയെടുക്കുന്നതെന്നും കൂടാതെ ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ജീവിതപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമുള്ള കഴിവുകളും മൂല്യങ്ങളും കുട്ടികളുടെ മനസ്സുകളിൽ രൂപപ്പെടുത്തുമെന്നും അൽ റുവൈലി സൂചിപ്പിച്ചു.
നാല് കിന്റർഗാർട്ടനുകളിലെ ആദ്യ ബാച്ച് വിദ്യാർഥികളെ പൈലറ്റ് സ്റ്റേജിൽ സ്വീകരിക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ മർയം അൽ ബൂഐനൈൻ പറഞ്ഞു.
അൽ റയ്യാനിലെ അൽമനാർ മോഡൽ കിന്റർഗാർട്ടൻ ഫോർ ബോയ്സ്, ദോഹ മുനിസിപ്പാലിറ്റിയിലെ അബൂഹനീഫ കിന്റർഗാർട്ടൻ ഫോർ ബോയ്സ്, കിന്റർഗാർട്ടൻ സിക്രീത് ഇൻഡിപെൻഡന്റ് പ്രൈമറി ഗേൾസ്, അൽ ഖവാരിസ്മി കിന്റർഗാർട്ടൻ ഫോർ ഗേൾസ് എന്നിവയാണ് പ്രാഥമിക ഘട്ടത്തിൽ പ്രീ-കിന്റർഗാർട്ടനായി തിരഞ്ഞെടുത്തത്. ഓരോ കിന്റർഗാർട്ടനിലും രണ്ട് ക്ലാസായിരിക്കും ഉണ്ടാകുകയെന്നും അൽ ബൂഐനൈൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

