സബ്സിഡി നിരക്കിൽ ബലിമൃഗ വിൽപന പ്രഖ്യാപിച്ച് മന്ത്രാലയം
text_fieldsബലിപെരുന്നാളിനുള്ള ഉദുഹിയ്യ ആടുകൾ
ദോഹ: ബലി പെരുന്നാളിനുള്ള ഒരുക്കങ്ങൾക്കിടെ വിശ്വാസികൾക്ക് ബലി മൃഗത്തിന് സബ്സിഡി പ്രഖ്യാപിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. സ്വദേശി പൗരന്മാർക്കാണ് സബ്സിഡി നിരക്കിൽ ബലി മൃഗത്തെ ലഭ്യമാക്കുന്നത്. വിദാം ഫുഡ് കമ്പനി, മുനിസിപ്പാലിറ്റി മന്ത്രാലയം എന്നിവയുമായി സഹകരിച്ച് സബ്സിഡി നിരക്കിലുള്ള ആടുകളെ വിൽപന ജൂലൈ ഒന്ന് വരെ തുടരുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ബലി പെരുന്നാൾ കാലത്ത് വിപണി ക്രമപ്പെടുത്തുക, ചരക്കുകൾക്ക് താങ്ങുവില നൽകുക, വില സ്ഥിരപ്പെടുത്തുക, വിതരണവും ആവശ്യകതയും തമ്മിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കുക, വിതരണത്തിന്റെ ആവശ്യം വർധിക്കുന്ന സീസണുകളിൽ പ്രാദേശിക വിപണിയെ സ്ഥിരപ്പെടുത്തുക തുടങ്ങിയവയാണ് ഇത്തരമൊരു സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ബലി പെരുന്നാൾ സീസണിൽ മാംസത്തിന്റെ വിലക്കയറ്റം തടയുകയെന്നതും പ്രധാനമാണ്.
തദ്ദേശീയവും ഇറക്കുമതി ചെയ്യുന്നതുമായ ആടുകളെ സബ്സിഡി നിരക്കിൽ വിൽക്കുന്നതിന് മന്ത്രാലയം വിദാം ഫുഡ് കമ്പനിയുമായി ധാരണയിലെത്തിയിട്ടുണ്ട്. പ്രാദേശിക ആടുകൾക്കും ഇറക്കുമതി ചെയ്ത ആടുകൾക്കും (40 കിലോയും അതിൽ കൂടുതലും) 1000 റിയാലായിരിക്കും വിലയെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. അൽ ഷമാൽ, അൽഖോർ, ഉംസലാൽ, അൽ വക്റ, അൽ ഷീഹാനിയ എന്നിവിടങ്ങളിലെ വിദാം ഫുഡ് കമ്പനിയുടെ അറവുശാലകളിൽ നിന്നായിരിക്കും ആടുകളുടെ വിൽപന. 20 വയസ്സ് പൂർത്തിയായ, സാധുതയുള്ള ഖത്തരി ഐഡി കാർഡ് ഹാജരാക്കുന്ന ഓരോ പൗരനും ഒരാട് എന്ന തോതിലായിരിക്കും വിൽപന നടത്തുക. ലോഡിങ്, അറവ്, കട്ടിങ്, പാക്കേജിങ് എന്നിവയടക്കം 50 റിയാൽ അധിക ചാർജ് ഈടാക്കും.
ആടുകളെ വിൽക്കുന്നവർ സബ്സിഡി നിരക്കുകളും വിൽപന നടപടിക്രമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരിശോധന കാമ്പയിൻ ശക്തമാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉപഭോക്താക്കൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനൽ വഴി റിപ്പോർട്ട് ചെയ്യണമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം നിർദേശിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

