തിയേറ്ററുകള്‍ക്ക് പിന്തുണ ഉറപ്പുനല്‍കി സാംസ്കാരിക വകുപ്പ് മന്ത്രി
text_fieldsദോഹ: ഖത്തറിലെ തിയേറ്ററുകള്‍ക്ക് അക്കാദമികമായും സാമ്പത്തികമായുമുള്ള പിന്തുണ ഉറപ്പുനല്‍കി സാംസ്കാരിക കായികവകുപ്പ് മന്ത്രി സലാഹ് ബിന്‍ ഗനീം അല്‍അലി. ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ തിയേറ്ററുകള്‍ക്ക് പലിയ പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിറ്റി കോളേജിലെ അക്കാദമിക് തിയേറ്റര്‍ പദ്ധതി നിര്‍ത്തലാക്കാന്‍ സാധ്യതയില്ലന്നെും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടിന് വേണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോഗ്രാമില്‍ പങ്കെടുക്കുന്നതു കൊണ്ടുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചും സര്‍ട്ടിഫിക്കറ്റ് നേടുന്നതിലുപരി തിയേറ്ററിന്‍്റെ നവോത്ഥാനത്തിന് പങ്കുവഹിക്കാന്‍ ഈ പദ്ധതിക്ക് സാധിക്കുമോ തുടങ്ങിയ കാര്യങ്ങളും മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അല്‍ഗാദ് നാടക ബാന്‍ഡ് സന്ദര്‍ശിച്ച അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. മനുഷ്യരുടെ കഴിവുകളെ ഉത്തേജിപ്പിക്കുന്നതിനും സമൂഹത്തിലെ തെറ്റായ പ്രവണതകളെ ഇല്ലാതാക്കുന്നതിനും തിയേറ്ററുകള്‍ക്കും കലാ രൂപങ്ങള്‍ക്കും വലിയ പങ്കുള്ളതിനാല്‍ രാജ്യം ഇത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുമെന്നും ഗനീം അല്‍അലി വ്യക്തമാക്കി. കഴിഞ്ഞകാലങ്ങളില്‍ സമൂഹത്തിന്‍്റെ പ്രശ്നങ്ങളെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചിരുന്ന തിയേറ്ററുകള്‍ അവയുടെ അന്തസത്ത പുനസ്ഥാപിക്കണമെന്നും, ഇനിയും സമൂഹത്തിലേക്കിറങ്ങിച്ചെന്നുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ തരം കലാസൃഷ്ടികള്‍ക്കും ഇവിടെ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍, മെയ് മാസങ്ങളിലായി നടക്കുന്ന ദോഹ തിയേറ്റര്‍ ഫെസ്റ്റിവലിനായുള്ള സാമ്പത്തിക സഹായം 120,000റിയാലില്‍ നിന്നും 600,000റിയാലാക്കിയതായി അദ്ദേഹം പറഞ്ഞു. തിയേറ്റര്‍ ബാന്‍ഡുകളുടെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അറിയുന്നതിനും പരിഹാരം കാണുന്നതിനുമായി എല്ലാ മൂന്നുമാസങ്ങളിലും യോഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.