പരിസ്ഥിതി സുസ്ഥിരത ഖത്തറിന്റെ പ്രഥമ പരിഗണന -മന്ത്രി
text_fieldsപരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ
സംസാരിക്കുന്നു
ദോഹ: പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം രാജ്യത്തിന്റെ പ്രഥമ പരിഗണനാ ഘടകമാണെന്ന് വ്യക്തമാക്കി ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഈ.
പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നത് ഖത്തർ പ്രത്യേകം മുൻഗണന നൽകുന്നതായും, ഭാവി തലമുറകളുടെ ജീവിത നിലവാരം ഉറപ്പാക്കുന്നതിന് പരിശ്രമിക്കുന്നുവെന്നും ക്യു.ആർ.ഡി.ഐ കൗൺസിലിൽ സസ്റ്റയിനബിലിറ്റി റിസർച്, ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ കമ്യൂണിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
വിഷൻ 2030ന് കീഴിൽ പരിസ്ഥിതി സുസ്ഥിരതാ രംഗത്ത് ശ്രദ്ധേയ നേട്ടങ്ങളാണ് രാജ്യം കരസ്ഥമാക്കിയത്. ജൈവവൈവിധ്യത്തിനും മലിനീകരണ നിരീക്ഷണത്തിനുമായി സമഗ്ര ഡേറ്റാബേസുകൾ രൂപപ്പെടുത്തുന്നതോടൊപ്പം, പരിസ്ഥിതി നിരീക്ഷണത്തിനായി ഡ്രോണുകൾ, നിർമിതബുദ്ധി, മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവയുൾപ്പെടെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരവധി സംവിധാനങ്ങളാണ് മന്ത്രാലയം വികസിപ്പിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ക്യു.ആർ.ഡി.ഐ കൗൺസിലുമായി സഹകരിച്ച് കഴിഞ്ഞ വർഷം സമുദ്ര പരിസ്ഥിതി നിരീക്ഷണം, വിദൂരസ്ഥലങ്ങളിലെ വിവര ശേഖരണം, കുടിയേറ്റ പക്ഷികളെ കൈകാര്യം ചെയ്യൽ, പരിസ്ഥിതി ആഘാതവും കാർബൺ പുറന്തള്ളലും വിലയിരുത്തുന്നതിനുള്ള ഗവേഷണ പങ്കാളിത്തം തുടങ്ങി വൈവിധ്യമാർന്ന പദ്ധതികൾ മന്ത്രാലയം നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.
അപകടകരമായ രാസവസ്തുക്കളുടെ സാന്നിധ്യം വേഗത്തിൽ അറിയുന്നതിനുള്ള നൂതനാശയങ്ങൾ, ട്രക്ക് സുരക്ഷ നിരീക്ഷിക്കുന്നതിനുള്ള ഉപഗ്രഹ വിവരങ്ങളുടെ ഉപയോഗം, പരിസ്ഥിതി ആവശ്യകതകൾക്കായുള്ള സ്മാർട്ട് സാങ്കേതികവിദ്യകൾ എന്നിവയും ഇതിന്റെ ഭാഗമാണെന്നും മന്ത്രി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

