മിലിപോൾ പ്രദർശനം ഇന്ന് മുതൽ
text_fieldsമിലിപോൾ പ്രദർശനം സംബന്ധിച്ച വാർത്ത സമ്മേളനത്തിൽനിന്ന്
ദോഹ: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സുരക്ഷ ഉപകരണങ്ങളുടെ പ്രദര്‍ശനമായ 14ാമത് മിലിപോളിന് ചൊവ്വാഴ്ച തുടക്കമാകും. ദോഹ എക്സിബിഷിൻ ആൻഡ് കൺവെൻഷൻ സെന്‍ററിൽ മൂന്നുദിവസമാണ് പ്രദർശനം. ചൊവ്വാഴ്ച പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി മിലിപോൾ ഉദ്ഘാടനം നിർവഹിക്കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ മേജര്‍ ജനറല്‍ നാസര്‍ ബിന്‍ ഫഹദ് ആൽഥാനി, മിലിപോള്‍ ഇവന്റ്‌സ് പ്രസിഡന്റ് യാന്‍ ജൗനോട്ട്, കമ്മിറ്റി അംഗം ബ്രിഗേഡിയര്‍ സൗദ് അല്‍ ഷാഫി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഇത്തവണ ആദ്യമായി ഇന്ത്യയില്‍നിന്നുള്ള കമ്പനികളും പ്രദർശനത്തിൽ പങ്കാളികളാവുന്നുണ്ട്.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന വര്‍ഷമായതിനാല്‍ സുരക്ഷ മേഖലയെ സംബന്ധിച്ച് ഇത്തവണത്തെ പ്രദര്‍ശനം ഏറ്റവും സവിശേഷമായിരിക്കും. വന്‍കിട ഇവന്റുകള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തല്‍ എന്നിവ സംബന്ധിച്ചുള്ള സുരക്ഷാ സെമിനാറുകളും പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കും.
യൂറോപ്, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് അമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള 22 രാജ്യങ്ങളില്‍നിന്നായി 220 പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്. 99 കമ്പനികള്‍ ഖത്തറില്‍ നിന്നുള്ളവരാണ്. 22 രാജ്യങ്ങളില്‍ ഇന്ത്യ, ആസ്ട്രേലിയ, കാനഡ, സൈപ്രസ്, ക്രൊയേഷ്യ, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, സ്ലോവാക്യ എന്നീ 10 രാജ്യങ്ങള്‍ ഇതാദ്യമായാണ് മിലിപോളില്‍ പങ്കെടുക്കുന്നത്.