മിലിപോൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
text_fieldsദോഹ: ആഭ്യന്തര സുരക്ഷാ–സിവിൽ ഡിഫൻസ് മേഖലയിൽ ഖത്തർ സംഘടിപ്പിക്കുന്ന 12ാമത് മിലിപോൾ അന്താരാഷ്്ട്ര പ്രദർശനം ദോഹ എക്സിബിഷൻ ആൻറ് കൺവെൻഷൻ സെൻററിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി ഉദ്ഘാടനം ചെയ്തു. മന്ത്രിമാർ, വിവിധ രാജ്യങ്ങളുടെ സ്ഥാനപതികൾ, ഔദ്യോഗിക അതിഥികൾ, ഉന്നത റാങ്കുകളിലുള്ള ഉദ്യോഗസ്ഥർ, മുതിർന്ന വ്യക്തിത്വങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഉദ്ഘാടനത്തിന് ശേഷം പ്രദർശനം ചുറ്റിക്കണ്ട പ്രധാനമന്ത്രി, പ്രമുഖ കമ്പനികളുടെ പവലിയനുകളും സന്ദർശിച്ചു. സിവിൽ ഡിഫൻസ്, ആഭ്യന്തര സുരക്ഷാ മേഖലയിലെ അത്യാധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും സംബന്ധിച്ച് കമ്പനി പ്രതിനിധികൾ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു.
ഗ്രീസ്, ഇന്ത്യ, ലാത്വിയ, മൊറോക്കോ, റഷ്യ, സ്ലോവേനിയ, സ്വിറ്റ്സർലൻറ് തുടങ്ങിയവർ പ്രദർശനത്തിൽ പുതുതായി പങ്കെടുക്കുന്ന രാജ്യങ്ങളാണ്. കൂടാതെ ഖത്തർ, ഫ്രാൻസ്, തുർക്കി, ബൾഗേറിയ, ജർമനി, സ്പെയിൻ, ചൈന, ഡെൻമാർക്ക്, ഇറ്റലി, അമേരിക്ക, ബ്രിട്ടൻ എന്നിവരും പ്രദർശനത്തിനുണ്ട്.
ആഭ്യന്തര സുരക്ഷ, പ്രതിരോധ ഉപകരണങ്ങൾ, ടെലികോം സുരക്ഷ–സാങ്കേതികവിദ്യ, അഗ്നിശമനം, റേഡിയേഷൻ ഡിറ്റക്ഷൻ, എമർജൻസി എക്യുപ്മെൻറ്, വിമാനത്താവള സുരക്ഷ തുടങ്ങിയ മേഖലകളിൽ നിന്നുള്ള അത്യാധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളുമാണ് പ്രദർശനത്തിലുള്ളത്.
മൂന്ന് ദിവസത്തെ പ്രദര്‍ശനം 31 ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
