മിഡിലീസ്റ്റിലെ ആണവ നിരായുധീകരണം കാര്യക്ഷമമാക്കണമെന്ന് ഖത്തർ
text_fieldsദോഹ: മിഡിലീസ്റ്റിൽ ആണവായുധ പ്രയോഗമോ അതിെൻറ ഭീഷണിയോ ഇല്ലാതിരിക്കാൻ പൂർണമായ നിരായുധീകരണം അനിവാര്യമാണെന്ന് ഖത്തർ.
രാജ്യാന്തര ഉടമ്പടികൾക്ക് വിധേയമായി നിരായുധീകരണം കാര്യക്ഷമമാക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്നും ഖത്തർ വ്യക്തമാക്കി.
വിയന്നയിലെ യു എൻ ഓഫീസ്, അന്താരാഷ്ട്ര സംഘടനകളിലെ ഖത്തർ സ്ഥിരം പ്രതിനിധിയും ആസ്ട്രിയയിലെ അംബാസഡറുമായ ശൈഖ് അലി ബിൻ ജാസിം ആൽഥാനിയാണ് ആണവായുധ നിരായുധീകരണം സംബന്ധിച്ച് ഖത്തർ നിലപാട് വ്യക്തമാക്കിയത്. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ വാർഷിക പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണവായുധ നിർവ്യാപന കരാറുമായി ബന്ധപ്പെട്ട് 1995ലെ എൻ പി ടി റിവ്യൂ സമ്മേളനത്തിൽ മിഡിലീസ്റ്റിനെ ആണവമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം കാര്യക്ഷമമായി നടപ്പാക്കിയില്ല. കൃത്യമായ പദ്ധതികളോടെ സമയബന്ധിതമായി ഇത് നടപ്പാക്കാൻ ശ്രമിക്കണമെന്നും മേഖലയെ ആണവായുധ മുക്തമാക്കണമെന്നും ശൈഖ് അലി ബിൻ ജാസിം ആൽഥാനി വ്യക്തമാക്കി. ആണവസുരക്ഷ നയങ്ങൾ സംബന്ധിച്ച് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ മാർഗനിർദേശങ്ങൾ പാലിക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും ഭീകരവാദത്തിനും ആണവ വസ്തുക്കളുടെ അനധികൃത കടത്തിനുമെതിരെ ഖത്തറിെൻറ നിലപാട് വ്യക്തമാണെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
