മൈക്രോ ഹെൽത്ത് ലബോറട്ടറീസും ഐ.സി.ബി.എഫും ധാരണപത്രം ഒപ്പുവെച്ചു
text_fieldsമൈക്രോ ഹെൽത്ത് ലബോറട്ടറീസ് സി.ഇ.ഒ ഡോ. സി.കെ. നൗഷാദും ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവയും ധാരണപത്രത്തിൽ ഒപ്പുവെക്കുന്നു. ഇന്ത്യൻ അംബാസഡർ വിപുൽ സമീപം
ദോഹ: ഖത്തറിലെ പ്രമുഖ സ്വകാര്യ മേഖലാ പ്രിസിഷൻ ഡയഗ്നോസ്റ്റിക് സെന്ററായ മൈക്രോ ഹെൽത്ത് ലബോറട്ടറീസ്, ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ബിനെവലന്റ് ഫോറവുമായി (ഐ.സി.ബി.എഫ്) ധാരണപത്രം ഒപ്പുവെച്ചു. ഖത്തറിലെ കുറഞ്ഞ വരുമാനമുള്ള പ്രവാസികൾക്ക് സൗജന്യ റേഡിയോളജി സേവനങ്ങൾ നൽകുന്നതിനാണ് സഹകരണം. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി ആൻഡ് ഐ.സി.ബി.എഫ് കോഓഡിനേറ്റിങ് ഓഫിസറായ ഐശ് സിങ്ങാൾ, ഐ.സി.ബി.എഫ് ഭാരവാഹികൾ, മൈക്രോ ഹെൽത്ത് ലബോറട്ടറീസിന്റെ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
പ്രവാസി സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ഇരുസംഘടനകളും പങ്കുവെക്കുന്ന പ്രതിബദ്ധതയുടെ പ്രധാന നേട്ടമായാണ് സഹകരണം വിലയിരുത്തപ്പെടുന്നത്. പദ്ധതിയുടെ ഭാഗമായി, മൈക്രോ ഹെൽത്ത് ലബോറട്ടറീസ് 200,000 റിയാലിന്റെ സൗജന്യ റേഡിയോളജി പരിശോധനകൾ നൽകുമെന്ന് മൈക്രോ സാരഥികൾ അറിയിച്ചു. ഇതിൽ എക്‌സ്-റേ, അൾട്രാസൗണ്ട്, എം.ആർ.ഐ, സി.ടി സ്കാൻ, മാമോഗ്രഫി എന്നിവ ഉൾപ്പെടുന്നു. കുറഞ്ഞ വരുമാനമുള്ളവർക്ക് സാധാരണയായി സാമ്പത്തികമായി പ്രാപ്യമല്ലാത്ത സേവനങ്ങളാണിവ.
ഐ.സി.ബി.എഫ് നിർദേശിക്കുന്ന രോഗികളെയാണ് ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുക. ഇതിന് പുറമെ ഐ.സി.ബി.എഫ് റഫർ ചെയ്യുന്ന രോഗികൾക്ക് എല്ലാ ലബോറട്ടറി പരിശോധനകളിലും 30 ശതമാനം ഇളവ് നൽകാനും മൈക്രോ ഹെൽത്ത് ലബോറട്ടറീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ അർഹരായ പ്രവാസികൾക്ക് ചികിത്സാ ചെലവ് ഗണ്യമായി കുറയുന്നു.
കഴിഞ്ഞ 16 വർഷത്തിലേറെയായി വിജയകരമായി നടപ്പാക്കിവരുന്ന കുറഞ്ഞ നിരക്കിലുള്ള ജീവിത ശൈലീ രോഗ പരിശോധന കാമ്പയിൻ മുഖേന, രോഗപ്രതിരോധ രംഗത്തെ മൈക്രോ ഹെൽത്ത് ലബോറട്ടറീസിന്റെ ദീർഘകാല പ്രതിബദ്ധതയിലേക്കുള്ള തുടർച്ചയായ ഒരു ചുവടുവെപ്പാണ് ഈ പദ്ധതി.
സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് ചെലവേറിയ റേഡിയോളജി സേവനങ്ങൾ ലഭ്യമാക്കിയതിന് മൈക്രോ ഹെൽത്ത് ലബോറട്ടറീസിനെ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അഭിനന്ദിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും ആരോഗ്യ പരിചരണത്തിലേക്കുള്ള ഒരു വലിയ മുന്നേറ്റമായാണ് അദ്ദേഹം ഈ പദ്ധതിയെ വിശേഷിപ്പിച്ചത്. മൈക്രോ ഹെൽത്ത് ലബോറട്ടറീസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ഡോ. സി.കെ. നൗഷാദ് സഹകരണത്തിൽ അഭിമാനം പ്രകടിപ്പിച്ചു.
ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, സമൂഹത്തിനായി നാലു പതിറ്റാണ്ടിലേറെയായി ഐ.സി.ബി.എഫ് നടത്തുന്ന സേവനങ്ങളെ പ്രശംസിക്കുകയും മൈക്രോ ഹെൽത്ത് ലബോറട്ടറീസും ഐ.സി.ബി.എഫും ചേർന്ന് ഈ സംരംഭത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.
ധാരണപത്രം ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവയും മൈക്രോ ഹെൽത്ത് ലബോറട്ടറീസ് സ്ഥാപകനും സി.ഇ.ഒയുമായ ഡോ. സി.കെ. നൗഷാദും തമ്മിൽ ഔദ്യോഗികമായി കൈമാറി. ഈ പദ്ധതി പൂർണമായ ഉത്തരവാദിത്തത്തോടെയും പരസ്പര വിശ്വാസത്തോടെയും നടപ്പാക്കുമെന്നും, സേവനങ്ങൾ യഥാർഥ അർഹതയുള്ളവർക്കുമാത്രം എത്തിക്കാനും ദുരുപയോഗം ഒഴിവാക്കാനും കർശനമായ സംവിധാനങ്ങൾ ഉണ്ടായിരിക്കുമെന്നും ഇരുവരും അറിയിച്ചു.
ചടങ്ങ് മൈക്രോ ഹെൽത്ത് ലബോറട്ടറീസിന്റെ ഗ്ലോബൽ ചീഫ് സ്ട്രാറ്റജിക് ഓഫിസറും സി.എസ്.ആർ മേധാവിയുമായ അൽക മീര സണ്ണി നിയന്ത്രിച്ചു. ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി നന്ദി പറഞ്ഞു.
ഐ.സി.ബി.എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ കെ.എസ്. പ്രസാദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശ്രീ വർക്കി ബോബൻ, മുൻ ഐ.സി.ബി.എഫ് പ്രസിഡന്റുമാരായ നീലാംശു ഡേ, ഡേവിസ് എടക്കലത്തൂർ, എൻ.വി. ഖാദർ, ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.ബി.പി.സി വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫർ തയിൽ എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.
മാനേജിങ് കമ്മിറ്റി അംഗങ്ങളായ മണി ഭാരതി, നീലാംബരി സുശാന്ത്, ശങ്കർ ഗൗഡ്, ഇർഫാൻ അൻസാരി, എംബസിയുടെ കീഴിലുള്ള വിവിധ അപെക്സ് ബോഡികളുടെ നിലവിലുള്ളതും മുൻതലമുറയിലേതുമായ ഭാരവാഹികൾ, കമ്യൂണിറ്റി നേതാക്കൾ, ഐ.സി.ബി.എഫ് അസോസിയേറ്റ് ഓർഗനൈസേഷൻ പ്രസിഡന്റുമാർ, മൈക്രോ ഹെൽത്ത് ലബോറട്ടറീസിന്റെയും സി.എ.എൻ ഇന്റർനാഷനൽ ഹോൾഡിങ്ങിന്റെയും പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

