ഇന്നാണ് സംഗീതോത്സവം
text_fields‘മൈക്രോ ചെക്ക് മെലോഡിയസ് മെമ്മറീസ്’പരിപാടിക്കെത്തിയ സംഘം ഷോ ഡയറക്ടർ എൻ.വി. അജിത്ത്,
ഗായകൻ അഫ്സൽ, കണ്ണൂർ ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ പരിശീലിക്കുന്നു
ദോഹ: വരൂ, നമുക്കൊരുമിച്ച് ആ മധുരമൂറുന്ന സംഗീതങ്ങളിലേക്ക് ഊളിയിടാം. കാലങ്ങളെത്ര കഴിഞ്ഞാലും എത്രകേട്ടാലും മതിവരാത്ത ഒരുപിടി പാട്ടുകളുമായി അനുഗൃഹീത ഗായകർ വേദിയിലെത്തുമ്പോൾ ജനസാഗരത്തിനൊപ്പം നമുക്കും ആസ്വദിക്കാം. ‘ഗൾഫ് മാധ്യമം’ഒരുക്കുന്ന മൈക്രോ ചെക്ക് മെലോഡിയസ് മെമ്മറീസ്’സംഗീതോത്സവത്തിന് തിരശ്ശീല ഉയരാൻ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്.
ദിവസങ്ങളെണ്ണി കാത്തിരുന്ന ദോഹയിലെ സംഗീതാസ്വാദകരുടെ മുന്നിലേക്ക് ആസ്പയർ ലേഡീസ് സ്പോർട്സ് ഹാളിന്റെ വാതിലുകൾ വെള്ളിയാഴ്ച സായാഹ്നത്തിൽ തുറക്കുന്നത് അപൂർവ സംഗീത വിരുന്നുമായാവും.
വൈകീട്ട് ആറിനാണ് പരിപാടിക്ക് തുടക്കമാവുന്നത്. രാത്രി വൈകുവോളം നീളുന്ന സംഗീതസായാഹ്നത്തിൽ പിന്നീട് വേദിയിലെത്തുന്നത് പല കാലങ്ങളായിരിക്കും. പ്രമുഖ ഷോ ഡയറക്ടർ എൻ.വി. അജിത്ത് അണിയിച്ചൊരുക്കുന്ന ‘മെലോഡിയസ് മെമ്മറീസ്’സംഗീത ആസ്വാദകർക്ക് മധുരമൂറുന്ന 90കളിലെയും പുതുതലമുറയിലെയും ഗാനങ്ങൾ കൊണ്ട് വിഭവസമൃദ്ധമാവും.
കീബോർഡിൽ ഇന്ത്യൻ സംഗീത ലോകം കീഴടക്കിയ സ്റ്റീഫൻ ദേവസ്സിയാണ് വെള്ളിയാഴ്ച രാത്രിയിൽ ദോഹയുടെ അഴകായി മാറുന്നത്. മലയാളം, ഹിന്ദി, തമിഴ് സിനിമ-മാപ്പിളപ്പാട്ടുകൾ കൊണ്ട് നിറഞ്ഞുതുളുമ്പുന്ന വേദിയിലേക്ക് സ്റ്റീഫൻ കീബോർഡുമായെത്തുമ്പോൾ പെയ്തിറങ്ങാനിരിക്കുന്നത് അനിർവചനീയ നിമിഷങ്ങളാവും.
മാപ്പിളപ്പാട്ടും മലയാള ചലച്ചിത്ര ഗാനങ്ങളുമായി കണ്ണൂർ ഷെരീഫ് നയിക്കുന്ന രാത്രിയിൽ മോയിൻ കുട്ടി വൈദ്യർ മുതൽ ഇതിഹാസങ്ങളെല്ലാം കുറിച്ചിട്ട വരികൾ തേൻനിലാവായ് പെയ്തിറങ്ങും.
പിന്നണിഗാന രംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന ഗായകൻ അഫ്സലിന്റെ ആഘോഷവേദി കൂടിയാണ് മെലോഡിയസ് മെമ്മറീസ്. മെലഡികളും സ്പീഡ് ട്രാക്കുകളുമായി അഫ്സൽ വേദിയെ പുളകംകൊള്ളിക്കുമ്പോൾ കുയിൽനാദവുമായി പ്രിയ ഗായിക ചിത്ര അരുണും പുതുതലമുറയിലെ സൂപ്പർ സ്റ്റാറുകളായ ശിഖ പ്രഭാകരനും ജാസിം ജമാലും വേദിയിലെത്തും.
അനശ്വര ഹിന്ദി ഗാനങ്ങളുമായി മുഹമ്മദ് അഫ്സലാണ് സദസ്സിനെ 80-90 കളിലെ മെലഡിയിലേക്ക് നയിക്കുന്നത്. ഇവർക്കിടയിൽ ചിരിയുടെ പൂരമായി മഹേഷ് കുഞ്ഞുമോൻ കൂടി കടന്നെത്തുന്നതോടെ ഖത്തർ ഇന്ന് സാക്ഷ്യം വഹിക്കുന്നത് അപൂർവ സംഗീത വിരുന്നിനാണ്.
‘ഗൾഫ് മാധ്യമം -മൈക്രോ ചെക്ക് മെലോഡിയസ് മെമ്മറീസ് പരിപാടിയിൽ പങ്കെടുക്കാനായി വ്യാഴാഴ്ച രാവിലെയാണ് ദോഹയിലെത്തിയത്. തൊട്ടു പിന്നാലെ റിഹേഴ്സലും ആരംഭിച്ചു. വളരെ വ്യത്യസ്തമായ പരിപാടിയാണ് ഇത്. കേൾക്കാനിഷ്ടപ്പെടുന്ന ഒരു പിടി പാട്ടുകളുമായാണ് ‘മെലോഡിയസ് മെമ്മറീസ്’അണിയറയിൽ ഒരുങ്ങുന്നത്. ഒരുപാട് സംഗീത പരിപാടികൾക്കായി ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ എത്താറുണ്ടെങ്കിലും ഇതുപോലെ തീം അടിസ്ഥാനമായുള്ള പരിപാടികൾ അപൂർവമാണ്. പഴയതും പുതിയതുമായ പാട്ടുകൾ കോർത്തിണക്കി, നമുക്കിഷ്ടപ്പെട്ട മണ്ണിന്റെ മണമുള്ള പാട്ടുകൾ വേദിയിലെത്തുമ്പോൾ എല്ലാ വിഭാഗം ആസ്വാദകർക്കും വ്യത്യസ്ത അനുഭവമാണ് ഒരുക്കുന്നത്’- കണ്ണൂർ ഷെരീഫ്
അഞ്ചുമുതൽ പ്രവേശനം
‘മെലോഡിയസ് മെമ്മറീസ്’വേദിയിലേക്ക് കാണികളുടെ പ്രവേശനം വൈകീട്ട് അഞ്ചിന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ആറിനാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്.
എന്നാൽ, 3000ത്തോളം കാണികൾ പ്രവേശിക്കുന്ന വേദിയിൽ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഒരു മണിക്കൂർ മുമ്പ് പ്രവേശനം നൽകുന്നത്.
ടിക്കറ്റുകൾ ഇന്ന് കൗണ്ടർ വഴിയും
‘മെലോഡിയസ് മെമ്മറീസ്’സംഗീത പരിപാടിയുടെ ടിക്കറ്റുകൾ ഇനിയും സ്വന്തമാക്കാത്ത ആസ്വാദകർക്ക് ആസ്പയർ ലേഡീസ് സ്പോർട്സ് ഹാളിലെ കൗണ്ടറുകളിൽനിന്നും ടിക്കറ്റ് വാങ്ങാൻ അവസരമുണ്ട്. ഉച്ച 3.30 മുതൽ ടിക്കറ്റ് ബോക്സ് പ്രവർത്തനമാരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
‘ക്യൂ ടിക്കറ്റ്സ്’വെബ്സൈറ്റ് വഴിയും 7719 0070 എന്ന നമ്പറുകളിലും ടിക്കറ്റ് വാങ്ങാം. വിവിധ വിഭാഗങ്ങളിലായി 60 റിയാൽ മുതൽ 1000 റിയാൽ വരെയുള്ള ടിക്കറ്റുകൾ ലഭ്യമാണ്.
എലൈറ്റ് ടിക്കറ്റ് സോൾഡ് ഔട്ട്
ഗോൾഡ്, ഡയമണ്ട്, എമറാൾഡ്, വി.ഐ.പി, എലൈറ്റ് എന്നീ വിഭാഗങ്ങളിലാണ് ടിക്കറ്റുകൾ ലഭ്യമാക്കുന്നത്. ഇവയിൽ 1000 റിയാലിന്റെ എലൈറ്റ് ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞു. ശേഷിച്ച ക്ലാസ് ടിക്കറ്റുകൾ ലഭ്യമാണ്.
ഗോൾഡ് ക്ലാസ് ടിക്കറ്റിന് 60 റിയാലാണ് വില. നാലു പേർക്ക് പ്രവേശനം ലഭിക്കുന്ന ഗോൾഡ് പ്ലസിന് 200 റിയാൽ മുടക്കിയാൽ മതി. 100 റിയാലാണ് ഡയമണ്ട് ടിക്കറ്റ് നിരക്ക്. എമറാൾഡിന് 150 റിയാലും, നാലുപേർക്ക് പ്രവേശനമുള്ള എമറാൾഡ് പ്ലസിന് 500 റിയാലുമാണ് നിരക്ക്. വിഐ.പി ടിക്കറ്റിന് 250 റിയാലും, അഞ്ചു പേർക്ക് പ്രവേശനം ലഭ്യമാകുന്ന വി.ഐ.പി ഫാമിലി ടിക്കറ്റിന് 1000 റിയാലുമാണ് നിരക്ക്. വി.വി.ഐ.പി ടിക്കറ്റിന് 500 റിയാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

