Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല ഖത്തറിലേക്ക്​

text_fields
bookmark_border
എം.ജി സർവകലാശാല ഖത്തറിലേക്ക്​
cancel
camera_alt

കോട്ടയത്തെ എം.ജി സർവകലാശാലാ ആസ്ഥാനം

ദോഹ: ഇന്ത്യക്കാർക്കും ഖത്തറിലെ മലയാളിസമൂഹത്തിനും അഭിമാനമായി എം.ജി സർവകലാശാലയുടെ ഓഫ്​ഷോർ കാമ്പസ്​ ഖത്തറിലേക്ക്​ വരുന്നു. വിദേശ സർവകലാശാലകൾക്ക്​ പഠനകേന്ദ്രങ്ങൾ സ്ഥാപിക്കാൻ അവസരം നൽകുന്ന ഖത്തർ സർക്കാറിന്‍റെ നയത്തിന്‍റെ ഭാഗമായാണ്​ കോട്ടയം ആസ്ഥാനമായുള്ള മഹാത്​മാഗാന്ധി സർവകലാശാല ​ദോഹയി​ൽ തങ്ങളുടെ ആദ്യ രാജ്യാന്തര കാമ്പസ്​ സ്ഥാപിക്കാൻ ഒരുങ്ങുന്നത്​. ഖത്തർ ഭരണകൂടത്തിന്‍റെയും ഖത്തറിലെ ഇന്ത്യൻ എംബസിയുടെയും ക്ഷണം സ്വീകരിച്ച്​ ദോഹയിൽ കാമ്പസ്​ ആരംഭിക്കാനുള്ള നീക്കത്തിന്​ കേരള സർക്കാറിന്‍റെയും യു.ജി.സിയുടെയും അനുമതി ലഭിച്ചു. കഴിഞ്ഞ ദിവസമാണ്​ ഇതുസംബന്ധിച്ച്​ യു.ജി.സിയുടെ അനുമതി എം.ജി സർവകലാശാലാ അധികൃതർക്ക്​ ലഭിച്ചത്​.

പുണെ ആസ്ഥാനമായ സാവിത്രി ഭായ് ഫുലെ യൂനിവേഴ്സിറ്റിയാണ്​ ഖത്തറിൽ ആദ്യമായി ഓഫ്​ കാമ്പസ്​ ആരംഭിച്ച ഇന്ത്യൻ സർവകലാശാല. അതിന്‍റെ തുടർച്ചയായാണ്​ കോട്ടയത്തുനിന്നുള്ള എം.ജി സർവകലാശാല ദോഹയിലേക്ക്​ വരുന്നത്​. കഴിഞ്ഞ സെപ്​റ്റംബറിലാണ്​ പുണെ സർവകലാശാലയുടെ കാമ്പസ്​ ഐൻഖാലിദിലെ ബർവ കമേഴ്​സ്യൽ അവന്യൂവിൽ ആരംഭിച്ചത്​. കൂടുതൽ ഇന്ത്യൻ സർവകലാശാലകളെ ഖത്തറിലെത്തിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ നവംബറിലായിരുന്നു എം.ജി യൂനിവേഴ്​സിറ്റിക്ക്​ അധികൃതരിൽനിന്ന്​ ക്ഷണം ലഭിക്കുന്നത്​.

ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തൽ മുൻകൈയെടുത്തതോടെ നീക്കങ്ങൾക്ക്​ വേഗം വർധിച്ചു. ​പി.വി.സി ഡോ. സി.ടി. അരവിന്ദ്​കുമാറിന്‍റെ അധ്യക്ഷതയിൽ വിദഗ്​ധ സമിതി രൂപവത്​കരിച്ചാണ്​ സർവകലാശാല സിൻഡിക്കേറ്റ്​ ഇതുസംബന്ധിച്ച കൂടുതൽ പഠനങ്ങൾ നടത്തിയത്​. ​തുടർന്ന്​ കേരള സർക്കാർ, വിദ്യാഭ്യാസ വകുപ്പ്​, കേന്ദ്ര വിദേശകാര്യ വകുപ്പ്​, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ അനുമതിയും തേടി. പിന്നാലെ, യു.ജി.സിയുടെ അംഗീകാരം കൂടി ലഭിച്ചതോടെയാണ്​ ഖത്തറിൽ ​ഓഫ്​ഷോർ കാമ്പസ്​ ആരംഭിക്കാനുള്ള നടപടികൾ സജീവമായത്. അനുമതി ലഭിച്ചെങ്കിലും നടപടിക്രമങ്ങൾ പ്രാരംഭദശയിലാണെന്ന്​ പി.വി.സി ഡോ. സി.ടി. അരവിന്ദ്​കുമാർ 'ഗൾഫ്​ മാധ്യമ'ത്തോട്​ പറഞ്ഞു. കാമ്പസിന്‍റെ പ്രവർത്തനം​, കോഴ്​സുകൾ തുടങ്ങിയ പഠനങ്ങൾക്കായി വിദഗ്​ധ സംഘം വരും മാസങ്ങളിൽ ദോഹയിലെത്തും.

എൻ.ഒ.സി നൽകിയെങ്കിലും യു.ജി.സിയുടെ ധനസഹായം എം.ജിയുടെ ​ഓഫ്​ഷോർ കാമ്പസ്​ തുടങ്ങുന്നതിന്​ ലഭ്യമാവില്ല. എന്നാൽ, ഖത്തറിലെ വിദ്യാഭ്യാസ വിഭാഗത്തിന്‍റെ പിന്തുണയോടെയാവും കാമ്പസ്​ ആരംഭിക്കുന്നത്​. ആർട്​സ്​, സയൻസ്​ വിഷയങ്ങൾ ഉൾപ്പെടുത്തിയാവും എം.ജിയുടെ ആദ്യവിദേശ കാമ്പസായി ദോഹയിൽ പ്രവർത്തനം ആരംഭിക്കുന്നത്​.

ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ സ്വീകാര്യത

ഇന്ത്യയിലെ മികച്ച 10 സർവകലാശാലകളിൽ ഒന്നായ പുണെ സാവിത്രി ഫുലെ യൂനിവേഴ്​സിറ്റി പ്രവർത്തനമാരംഭിച്ച്​ മാസങ്ങൾക്കുള്ളിൽ തന്നെ മികച്ച സ്വീകാര്യതയാണ്​ ലഭിച്ചത്​. ആകെ 660 വിദ്യാർഥികളുടെ ശേഷിയിലായിരുന്നു തുടക്കം. ആദ്യ വർഷത്തിൽ 200 വിദ്യാർഥികൾക്ക്​ പ്രവേശനം നൽകാനുള്ള പ്രതീക്ഷയാണ്​ ഉദ്​ഘാടനവേളയിൽ അധികൃതർ പങ്കുവെച്ചത്​. ആദ്യ മാസത്തിൽ തന്നെ 72ഓളം വിദ്യാർഥികളുമായി ക്ലാസുകൾ ആരംഭിക്കാനും കഴിഞ്ഞിരുന്നു.

ആർട്​സ്​, കോമേഴ്​സ്​, സയൻസ്​, ബിസിനസ്​ അഡ്​മിനിസ്​ട്രേഷൻ ബിരുദ കോഴ്​സുകളിലാണ്​ നിലവിൽ പ്രവേശനമുള്ളത്​. പുണെ യൂനിവേഴ്​സിറ്റിയുടെ ചുവടുപിടിച്ച്​ ​എം.ജിയും എത്തുന്നതോടെ ഖത്തറിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യൻ സർവകലാശാലകളുടെ സ്വീകാര്യത വർധിക്കും. ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ ഖത്തറിൽ വിദേശികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ മതിപ്പാണുള്ളത്​. ഇന്ത്യൻ സിലബസിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകൾ സജീവമാണ്​. മികച്ച പഠനനിലവാരം ഇന്ത്യൻ സ്​കൂളുകളിലേക്ക്​ മറ്റ്​ രാജ്യക്കാരെയും ഏറെ ആകർഷിക്കുന്നു. കഴിഞ്ഞ അധ്യയന വർഷത്തിലും പുതിയ ഇന്ത്യൻ സ്കൂളുകൾ ആരംഭിച്ചു. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസമന്ത്രാലയത്തിൻെറ അഞ്ചുവർഷ പദ്ധതി അവസാനിക്കുന്നതോടെ ഖത്തറിലെ സ്വകാര്യ സ്​കൂളുകളെ എണ്ണം അഞ്ഞൂറിലധികമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MG University
News Summary - MG University to Qatar
Next Story