സിനിമകൾ പാട്ടിനെ കൈവിടുന്നു -എം.ജി. ശ്രീകുമാർ
text_fieldsദോഹയിൽ നടന്ന വാർത്ത സമ്മേളനത്തിൽ എം.ജി. ശ്രീകുമാർ സംസാരിക്കുന്നു
ദോഹ: പുതിയകാലത്ത് സിനിമയിൽ പാട്ടിന് അധികം പ്രാധാന്യമില്ലാതെ പോകുന്നതാണ് മലയാള സംഗീതലോകം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ. ‘നന്നായി പാട്ടുപാടുന്ന ഗായകർക്ക് ഇപ്പോൾ ക്ഷാമമില്ല. മുമ്പത്തേക്കാൾ ഒരുപാട് പാട്ടുകാർ ഇന്ന് രംഗത്തുണ്ട്. ഓരോ റിയാലിറ്റി ഷോയിൽനിന്നും നിരവധി പുതിയ ഗായകരാണ് പ്രതിഭ തെളിയിച്ച് രംഗത്തുവരുന്നത്.
എന്നാൽ, സിനിമയിൽനിന്നും പാട്ടുകൾ പടിയിറങ്ങിപ്പോയി. ഏതാനും വരികളും പിന്നെ സംസാരവും ബഹളങ്ങളുമായി സിനിമയിലെ ഗാനങ്ങൾ മാറുന്നു. ഒരുകാലത്ത് ഒരുപാട് ഗാനങ്ങൾ ഹിറ്റായി മാറിയിരുന്നെങ്കിൽ ഇന്ന് വിരലിലെണ്ണാവുന്ന ഗാനങ്ങൾ മാത്രമാണ് ശ്രദ്ധേയമാകുന്നത്’ -എം.ജി ശ്രീകുമാർ പറഞ്ഞു.
പാട്ടിന് പ്രാധാന്യം നൽകി ഗൃഹാതുരത ഉണർത്തുന്ന രീതിയിൽ ആസ്വാദകരെ സ്പർശിച്ചാൽ മാത്രമേ പാട്ടുകൾ ശ്രദ്ധേയമായി മാറുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ‘മ്യൂസോലാസ’ എന്നപേരിൽ അൽ സഹീം ഇവന്റ്സ് സംഘടിപ്പിക്കുന്ന സംഗീത വിരുന്നിനായി ദോഹയിലെത്തിയതാണ് എം.ജി. ശ്രീകുമാർ. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണി മുതൽ അൽഅറബി സ്റ്റേഡിയത്തിലാണ് കലാവിരുന്ന്.
ശ്രീകുമാർ നയിക്കുന്ന സംഘത്തിൽ കെ.എസ്. രഹന, മൃദുല വാര്യർ, നസീർ മിന്നലേ എന്നീ ഗായകരും ചിരിയും തമാശകളുമായി രമേശ് പിഷാരടിയും സുധീർ പറവൂരും അണിനിരക്കും. രാഷ്ട്രീയത്തിൽ ഇടപെടേണ്ട സമയമായി എന്ന് തോന്നിയത് കൊണ്ടാണ് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതെന്ന് സിനിമ സംവിധായകനും കലാകാരനുമായ രമേശ് പിഷാരടി പറഞ്ഞു.
എന്നാൽ തന്റെ കലാപ്രവർത്തനങ്ങളിലോ സിനിമയിലോ താൻ വിശ്വസിക്കുന്ന രാഷ്ട്രീയം കലർത്താൻ ശ്രമിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ ഗായിക രഹന, മൃദുല വാര്യർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗഫൂർ കാലിക്കറ്റ്, ജനറൽ കൺവീനർ അബ്ദുൽ റഹീം, എം.കെ. അബ്ദുസ്സലാം, അഫ്സൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

