'ഖത്തറിൽ മെക്സികോ തിളങ്ങും'
text_fieldsഖത്തറിലെ മെക്സിക്കൻ അംബാസഡർ ഗ്രാസിയേല ഗാർഷ്യ
ദോഹ: ഖത്തറിനെയും അറബ് ലോകത്തെയും കുറിച്ച തെറ്റിദ്ധാരണകൾ നീക്കുന്നതിന് ഫിഫ ലോകകപ്പ് ഏറെ സഹായിക്കുമെന്ന് ഖത്തറിലെ മെക്സിക്കൻ അംബാസഡർ ഗ്രാസിയേല ഗോമസ് ഗാർഷ്യ.
ഖത്തർ ലോകകപ്പ് മെക്സിക്കോയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണെന്നും 50,000 മുതൽ 80,000 വരെ മെക്സിക്കൻ ആരാധകർ ഖത്തറിലെത്താൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.
ഗ്രൂപ് സിയിൽ മത്സരം കടുത്തതാകുമെങ്കിലും ടീമിന് തിളങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗ്രാസിയേല ഗാർഷ്യ പറഞ്ഞു.
• ഗാലറി നിറഞ്ഞാടാൻ മെക്സികോ
ലോകകപ്പ് ഫുട്ബാളിൽ കളിക്കാരായും കാണികളായും ശ്രദ്ധേയ സാന്നിധ്യമാണ് മെക്സികോ. അട്ടിമറിക്ക് പേരുകേട്ട കളിക്കാരും ഗാലറി നിറഞ്ഞാടുന്ന കാണികളുമായി ലോകകപ്പിന് എന്നും മെക്സിക്കൻ സാന്നിധ്യം ചന്തമുള്ള കാഴ്ചയാണ്.
16 തവണ ലോകകപ്പിന് യോഗ്യത നേടിയ മെക്സികോ 1970, 1986 വർഷങ്ങളിൽ ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയും 2026ലെ ലോകകപ്പിന് സഹ ആതിഥേയത്വം വഹിക്കാനിരിക്കുകയും ചെയ്യുന്നു. മെക്സിക്കോയുടെ 17ാമത് ലോകകപ്പ് പങ്കാളിത്തമാണ് ഖത്തറിലേത്.
ഗ്രൂപ് സിയിൽ അർജൻറീന, സൗദി അറേബ്യ, പോളണ്ട് എന്നിവർക്കൊപ്പമാണ് തങ്ങളുടെ സ്ഥാനമെങ്കിലും ടീമിന് തിളങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാർഷ്യ പ്രത്യാശ പ്രകടിപ്പിച്ചു.
ഖത്തറിൽ മെക്സികോയുടെ സാന്നിധ്യം 2026ലെ ലോകകപ്പിലേക്ക് കൂടുതൽ ശ്രദ്ധ ആകർഷിക്കാനുള്ള സുവർണാവസരം കൂടിയാണെന്നും മെക്സിക്കൻ സ്ഥാനപതി ചൂണ്ടിക്കാട്ടി.
മിഡിലീസ്റ്റിലെ പ്രഥമ ലോകകപ്പാണ് നടക്കാനിരിക്കുന്നത്. ഒരു അറബ്, മുസ്ലിം രാജ്യമാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
ഖത്തറിനെ കുറിച്ചും അറബ് സമൂഹത്തെ കുറിച്ചുമുള്ള തെറ്റിദ്ധാരണ നീക്കുന്നതിന് ലോകകപ്പ് ഏറെ സഹായകമാകുമെന്നും അവർ വ്യക്തമാക്കി.
അത്യാധുനിക സാങ്കേതികവിദ്യകളോടുകൂടിയ ഏറ്റവും മികച്ച എട്ടു വേദികളാണ് ഖത്തർ ലോകകപ്പിനായി പടുത്തുയർത്തിയിരിക്കുന്നതെന്നും അവർ പറഞ്ഞു.
• ഖത്തറിൽനിന്നും പഠിക്കാനുണ്ട്
അടുത്തതവണ അമേരിക്കക്കും കാനഡക്കുമൊപ്പം മെക്സികോയും സംയുക്ത ആതിഥേയരാവുന്നതോടെ, ചരിത്രം കുറിക്കുന്നതിന്റെ ത്രില്ലിലാണ് തങ്ങളുടെ നാട്ടുകാരെന്ന് ഗ്രാസിയേല ഗാർഷ്യ പറഞ്ഞു.
ചരിത്രത്തിലാദ്യമായാണ് ലോകകപ്പിന് മൂന്ന് രാജ്യങ്ങൾ വേദിയാകുന്നത്. 2026ലെ ലോകകപ്പിനായി തയാറെടുക്കുമ്പോൾ ഖത്തറിൽനിന്നും ഏറെ പഠിക്കാനുണ്ട്. സുരക്ഷ, ഫാൻ എക്സ്പീരിയൻസ് മേഖലകളിൽ വലിയ സാധ്യതകളാണ് ഖത്തർ തുറന്നിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. ഖത്തറിൽ നടപ്പാക്കുന്ന ഹയ്യ കാർഡ് (ഫാൻ ഐഡി) അവിടെയും നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
ഖത്തറിൽ നിലവിൽ ഏകദേശം 600 മെക്സിക്കൻ പൗരന്മാരാണുള്ളത്. എന്നാൽ, ലോകകപ്പിനായി മെക്സികോയിൽ നിന്നും അരലക്ഷത്തിലേറെ പേർ എത്തുമെന്ന് അവർ പറഞ്ഞു. ഏറ്റവും മികച്ച ലോകകപ്പ് അനുഭവം സമ്മാനിക്കുന്നതിനായി എംബസിയുടെ ഭാഗത്തുനിന്നും പരമാവധി ശ്രമിക്കുമെന്നും ഗാർഷ്യ വ്യക്തമാക്കി.റഷ്യയിലേതിനേക്കാളും കാണികൾ ഖത്തറിൽ പ്രതീക്ഷിക്കാം. ലോകകപ്പിന്റെ ഹോസ്പിറ്റാലിറ്റി പാക്കേജ് ബുക്കിങ്ങിൽ ഖത്തർ, അമേരിക്ക, ഇംഗ്ലണ്ട് എന്നിവർക്ക് പിറകിൽ എത്തിനിൽക്കുന്നത് മെക്സികോയാണ്. ലോകകപ്പിന്റെ ആദ്യഘട്ട ടിക്കറ്റ് വിൽപനയിലും മെക്സിക്കൻ ആരാധകർ മുന്നിലെത്തിയിട്ടുണ്ട്.
• അൽബെയ്ത് പ്രിയം
ഖത്തറിലെ ഓരോ സ്റ്റേഡിയവും ഒന്നിനൊന്ന് മികച്ചതാണെന്നാണ് മെക്സിക്കൻ സ്ഥാനപതിയുടെ അഭിപ്രായം. എന്നാൽ, പ്രിയപ്പെട്ടത് പാരമ്പര്യത്തിലും അറബ് സ്വത്വത്തിലുമൂന്നി നിൽക്കുന്ന അൽ ബെയ്ത് സ്റ്റേഡിയമാണെന്ന് പറയുന്നു. ഏറെ ആദരവ് നൽകുന്ന സഹ ഹദീദ് രൂപകൽപന ചെയ്തതിനാൽ അൽ ജനൂബും പ്രിയ സ്റ്റേഡിയങ്ങളുടെ പട്ടികയിലുണ്ട്.
അൽ റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിന് മെക്സിക്കോയുമായി വലിയ ബന്ധമുണ്ട്. അതിന്റെ മേൽക്കൂര രൂപകൽപന ചെയ്തതും നിർമിച്ചതും മെക്സിക്കൻ കമ്പനിയാണ്. അക്കാരണത്താൽ തന്നെ ഞങ്ങളതിനെ മെക്സിക്കൻ സ്റ്റേഡിയമെന്നാണ് വിളിക്കുന്നതെന്നും അവർ പറഞ്ഞു.
വലിയ പ്രതീക്ഷയോടെയാണ് മെക്സികോ ഖത്തറിലെത്തുന്നത്. അവസാന സംഘത്തെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ക്യാപ്റ്റൻ ഗ്വിലർമോ ഒച്ചാവോയുടെ നേതൃത്വത്തിലുള്ള മികച്ച സംഘം തന്നെയായിരിക്കും ഇവിടെ പന്തു തട്ടുക. ഓരോ ലോകകപ്പും മികച്ച താരങ്ങളെ ലോകത്തിന് സമ്മാനിച്ചാണ് അവസാനിക്കുക.
ഖത്തറും അതിൽനിന്ന് ഭിന്നമായിരിക്കില്ലെന്നും ഒരുപിടി മികച്ച പ്രതിഭകളെ നമുക്ക് ഖത്തറിൽ കാണാൻ സാധിക്കുമെന്നും ഖത്തറിലെ മെക്സിക്കൻ സ്ഥാനപതി ഗ്രാസിയേല ഗാർഷ്യ പറഞ്ഞു.