മെട്രാഷ് 2 ഓർമ; ഇനി ‘മെട്രാഷ്’
text_fields1) ഇന്ന് മുതൽ പ്രവർത്തനരഹിതമാകുന്ന മെട്രാഷ് 2 ആപ്, 2)പുതിയ മെട്രാഷ് ആപ്
ദോഹ: വിസ അപേക്ഷ മുതൽ ട്രാഫിക്, ജനറൽ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ സമ്മാനിച്ച ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 ആപ്ലിക്കേഷൻ ഇനി ഓർമ. മാർച്ച് ഒന്ന് മുതൽ ഈ സേവനങ്ങളെല്ലാം പുതുതായി അവതരിപ്പിച്ച ‘മെട്രാഷ്’ വഴി ലഭ്യമാകും.
ദീർഘനാളുകളായി പ്രവാസികൾക്കും സ്വദേശികൾക്കും ജീവവായുപോലെ ഒപ്പമുണ്ടായിരുന്ന ‘മെട്രാഷ് 2’ ആപ്പ് മാർച്ച് ഒന്നിന് പ്രവർത്തനരഹിതമാകുമെന്ന് രണ്ടാഴ്ച മുമ്പു തന്നെ മന്ത്രാലയം മുന്നറിയിപ്പു നൽകിയിരുന്നു.
രൂപത്തിലും ഭാവത്തിലും സൗകര്യത്തിലും പുതുമയോടെ അവതരിപ്പിച്ച ‘മെട്രാഷ്’ ഡൗൺ ലോഡ് ചെയ്ത് ഉപയോഗിച്ച് തുടങ്ങണമെന്ന് അധികൃതർ കഴിഞ്ഞ ദിവസവും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഡിസംബറിലാണ് മെട്രാഷ് പുതിയ പതിപ്പ് പുറത്തിറക്കിയത്.
കൂടുതൽ സേവനങ്ങളും പുതുമകളുമായാണ് ഉപയോക്തൃ സൗഹൃദ ഡിസൈനിൽ പുതിയ ആപ് പുറത്തിറക്കിയത്. പുതിയ പേമെന്റ് സംവിധാനം, വ്യക്തിഗത അഥോറൈസേഷൻ, സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ, റീപ്രിന്റ്, ഭാര്യയുടെയും കുട്ടികളുടെയും വിവരങ്ങൾ രജിസ്റ്റർ ചെയ്യൽ എന്നിവയും പുതിയ സേവനങ്ങളിൽ ഉൾപ്പെടുന്നു.
റെസിഡൻസി പെർമിറ്റ് അപേക്ഷിക്കൽ, പുതുക്കൽ, ഡ്രൈവിങ് ലൈസൻസ്, ഗതാഗത ലംഘനം റിപ്പോർട്ട് ചെയ്യൽ തുടങ്ങിയവ ഉൾപ്പെടെ 250ൽ അധികം സേവനങ്ങളാണ് മെട്രാഷിലുള്ളത്.
ആപ് സ്റ്റോർ, ഗൂഗ്ൾ പേ സ്റ്റോർ എന്നിവിടങ്ങളിൽനിന്നും ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

