ഖത്തറിൽ ഇന്നുമുതൽ തണുപ്പ് കൂടുമെന്ന് കാലാവസ്ഥ വകുപ്പ്
text_fieldsദോഹ: ഖത്തറിൽ ഇന്നുമുതൽ തണുപ്പ് കൂടും. താപനിലയിൽ ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ കുറവുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥ നിരീക്ഷണ വകുപ്പ് പുതുതായി പുറത്തിറക്കിയ കാലാവസ്ഥ അപ്ഡേറ്റിൽ വ്യക്തമാക്കി. ജനുവരി 18 മുതൽ 21വരെയുള്ള ദിവസങ്ങളിൽ രാത്രിയിൽ താപനില 12-16 ഡിഗ്രി സെൽഷ്യസിനിടയിലാകുമെന്നാണ് വകുപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചിട്ടുള്ളത്. പകൽ സമയത്ത് താപനില 18-21നും ഡിഗ്രി സെൽഷ്യസിന് ഇടയിലായിരിക്കുമെന്നും കുറിപ്പിൽ പറയുന്നു.
വടക്കുപടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനം കാരണമാണ് അന്തരീക്ഷ താപനിലയിൽ കുറവുണ്ടാകുന്നത്. ഈ കാലാവസ്ഥ രാജ്യത്തിന്റെ വിവിധ മേഖലകളിൽ അനുഭവപ്പെടും. തെക്ക്, ഔട്ടർ പ്രദേശങ്ങളിൽ താപനിലയിൽ ഇത് കൂടുതൽ വ്യക്തമായി അനുഭവപ്പെടും. ചൊവ്വാഴ്ച അബൂസംറയിലാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത് -15 ഡിഗ്രി സെൽഷ്യസ്. ദുഖാൻ, ശെഹൈമിയ, ശഹാനിയ, കറാന എന്നിവിടങ്ങളിൽ 16 ഡിഗ്രിയായിരുന്നു കുറഞ്ഞ താപനില. ഹമദ് എയർപോർട്ടിലും മെസഈദിലും ഏറ്റവും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ദോഹ എയർപോർട്ടിൽ കുറഞ്ഞ താപനില 19 ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസായിരുന്നു.
ശക്തമായ കാറ്റും കടൽക്ഷോഭവും കാരണം ചൊവ്വാഴ്ച മറൈൻ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. തിരമാലകൾ മൂന്നുമുതൽ ഏഴടി വരെ വ്യത്യാസപ്പെടാം. വൈകുന്നേരത്തോടെ 11 അടി വരെ ഉയർന്നേക്കുമെന്നും മറൈൻ വാണിങ്ങിൽ പറയുന്നു. ഈ കാലയളവിൽ കടലിലെ നീന്തൽ, ഡൈവിങ്, ബോട്ട് യാത്രകൾ, സ്കൂബ ഡൈവിങ്, സർഫിങ്, മത്സ്യബന്ധന ടൂറുകൾ, വിൻഡ് സർഫിങ് തുടങ്ങിയവ ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

