മെസ്സിയും കൂട്ടരും ഇപ്പോഴില്ല
text_fieldsമെസ്സി, നെയ്മർ, എംബാപെ
ദോഹ: ലയണൽ മെസ്സിയുടെയും നെയ്മറിന്റെയും നേതൃത്വത്തിലുള്ള ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ ഖത്തർ പര്യടനം മാറ്റിവെച്ചു. അടുത്തയാഴ്ച ഷെഡ്യൂൾ ചെയ്ത പര്യടനം കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ചതായി ക്ലബ് അധികൃതർ അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ക്ലബ് അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ലോകകപ്പിനെ വരവേൽക്കാനായി ഖത്തർ ഒരുങ്ങുന്ന പുതുവർഷത്തിൽ ആരാധകർ ഏറെ ആവേശത്തോടെയാണ് മെസ്സിയുടെയും സംഘത്തിന്റെയും വരവിനായി കാത്തിരുന്നത്. ജനുവരി 16 ഞായറാഴ്ച ഖത്തറിൽ എത്തിയ ശേഷം മൂന്നുദിവസം പരിശീലന ക്യാമ്പ് കഴിഞ്ഞ് സൗദി വഴി പാരിസിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. സൗദിയിൽ 19ന് റിയാദ് കപ്പ് സൗഹൃദ മത്സരത്തിൽ കളിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിനിടെയാണ് കോവിഡ് മൂന്നാം തരംഗം വീണ്ടും ലോകത്തെ പിടിച്ചുലച്ചത്. ഇതോടെ കളിക്കാരുടെയും ടീം സ്റ്റാഫിന്റെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഖത്തർ ടൂർ മാറ്റിവെക്കുകയാണെന്ന് ക്ലബ് അധികൃതർ അറിയിച്ചു. ജനുവരി ആദ്യത്തിൽ പി.എസ്.ജി ടീം അംഗങ്ങൾക്കും കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. എയ്ഞ്ചൽ ഡി മരിയ, യൂലിയൻ ഡ്രാക്സ്ലർ എന്നിവർ കോവിഡ് പോസിറ്റിവായതിനെ തുടർന്ന് കഴിഞ്ഞയാഴ്ചയിലെ മത്സരങ്ങൾ നഷ്ടമായി. സൂപ്പർ താരം ലയണൽ മെസ്സിക്കും രണ്ടാഴ്ച മുമ്പ് കോവിഡ് പോസിറ്റിവായി. ഏതാനും ദിവസം മുമ്പാണ് താരം നെഗറ്റിവായത്.
ആസ്പയർ അക്കാദമിയിലെ പരിശീലനവും ലോകകപ്പിന്റെ ഒരുക്കങ്ങളും നിർമാണം പൂർത്തിയായ സ്റ്റേഡിയങ്ങളിലെ സന്ദർശനവുമെല്ലാം ഷെഡ്യൂൾ ചെയ്താണ് ഖത്തർ ടൂർ തയാറാക്കിയത്. ലോകകപ്പിനുള്ള ഖത്തറിന്റെ തയാറെടുപ്പുകൾ രാജ്യാന്തര ശ്രദ്ധയിലെത്തിക്കാൻ കൂടി പര്യടനം സഹായിക്കും. 2019നുശേഷം ആദ്യമായാണ് പി.എസ്.ജിയുടെ ഖത്തർ ടൂർ തീരുമാനിച്ചത്. കോവിഡ് കാരണം കഴിഞ്ഞ സീസണുകളിൽ ടീം ഇവിടെ എത്തിയിട്ടില്ല. 2011ലാണ് ഖത്തർ ഇൻവെസ്റ്റ്മെൻറ് ഗ്രൂപ് പി.എസ്.ജിയെ സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിൽ ലയണൽ മെസ്സിയുടെ കൂടി വരവോടെ ഫ്രഞ്ച് ക്ലബ് താരമൂല്യത്തിൽ ലോകത്തെ ഒന്നാം നമ്പറായി മാറിക്കഴിഞ്ഞു. നവംബർ 21ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിനായി സർവസജ്ജമായിക്കഴിഞ്ഞ ഖത്തർ മാർച്ചിൽ നിരവധി രാജ്യാന്തര ഫുട്ബാൾ മത്സരങ്ങൾക്കും വേദിയാവുന്നുണ്ട്.