കലാമികവോടെ എം.ഇ.എസ് യൂത്ത് ഫെസ്റ്റിവൽ
text_fieldsഎം.ഇ.എസ് ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിൽ വിദ്യാർഥികൾ അവതരിപ്പിച്ച ഒപ്പനയിൽ നിന്ന്
ദോഹ: വിദ്യാർഥികളുടെ കലാ പോരാട്ടങ്ങളുമായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ‘റിഗാലിയ 2025’ യൂത്ത് ഫെസ്റ്റിവൽ അരങ്ങേറി. രണ്ടു ദിനങ്ങളിലായി നടന്ന മേളയിൽ സ്കൂളിലെ 2000ത്തോളം വിദ്യാർഥികൾ 200ഓളം ഇനങ്ങളിലായി മാറ്റുരച്ചു. പഠനത്തിരക്കുകൾക്കിടയിൽ വിദ്യാർഥികളുടെ കലാമികവിനും അവസരം നൽകുകയെന്ന ലക്ഷ്യവുമായാണ് വർണാഭമായ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. വിവിധ വേദികളിലായി നടന്ന മത്സരങ്ങൾക്ക് 200ഓളം സ്കൂൾ അധ്യാപക, അനധ്യാപക ജീവനക്കാർ നേതൃത്വം നൽകി. ക്ലാസിക്കൽ-നാടോടി നൃത്തങ്ങൾ, വാദ്യോപകരണ സംഗീത പ്രകടനങ്ങൾ, സാഹിത്യ മത്സരങ്ങൾ ഉൾപ്പെടെ വിവിധ ഇനങ്ങളിലായി വിദ്യാർഥി പ്രതിഭകൾ മാറ്റുരച്ചു. സബ് ജൂനിയർ, ജൂനിയർ, ഇന്റർമീഡിയറ്റ്, സീനിയർ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി പരിപാടികളിൽ വിദ്യാർഥികൾ സജീവമായി പങ്കെടുത്തു.
റിഗാലിയ യൂത്ത് ഫെസ്റ്റിൽ വിദ്യാർഥികളുടെ പ്രകടനം
സമാപന ചടങ്ങ് എം.ഇ.എസ് ഗവേണിങ് ബോർഡ് ഡയറക്ടർ പി.പി. ഫസലു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഫിറോസ് കൊളത്തയിൽ, എം.ഇ.എസ് ഗവേണിങ് ബോർഡ് അംഗങ്ങളായ ഫൈസൽ മായൻ, ഹാഷിം എൻ.എം, ഡയറക്ടർമാരായ അൻസാർ ടി.കെ, എം.സി. മുഹമ്മദ്, ഷാഹിദ് അലി എന്നിവർ പങ്കെടുത്തു. അതിഥികൾ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
വിവിധ വിഭാഗങ്ങളിലെ കലാ പ്രതിഭകൾ: ഇംറാൻ ഹിഷാ, ലഹൻ ലത്തീഫ് (സബ്ജൂനിയർ -1), ദർശന്ത് കൃഷ്ണ, ഫാത്തിമ ഫൈസൽ (സബ്ജൂനിയർ 2), അഭിനവ് വിജിത്ത്, ഹനാൻ മുഹമ്മദ് ഷമീം (ജൂനിയർ), ആസിം ഇസ്മായിൽ, ആയിഷ ഫാത്തിമ ബഷീർ (ഇന്റർമീഡിയറ്റ്), മുകേഷ് ആദിത്യൻ ശ്രീനിവാസൻ, ഇവല്യൻ ജോൺലി (സീനിയർ കാറ്റഗറി). മികച്ച പ്രകടനം കാഴ്ചവെച്ചവരെയും മത്സരങ്ങളിൽ പങ്കെടുത്തവരെയും സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ അഭിനന്ദിച്ചു. അൻവർ കെ, സുമിത അബ്ദുൽനാസർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

