എം.ഇ.എസ് സ്കൂളിന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്
text_fieldsഖത്തർ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് ഏറ്റവും വലിയ മനുഷ്യ പതാക നിർമിച്ച്
എം.ഇ.എസ് സ്കൂൾ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ് നേട്ടം കരസ്ഥമാക്കിയപ്പോൾ
ദോഹ: ഖത്തറിന്റെ ഏറ്റവും വലിയ മനുഷ്യ പതാക നിർമിച്ച് എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്. സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഖത്തർ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് സ്കൂളിലെ 7,700 വിദ്യാർഥികളും ജീവനക്കാരും ചേർന്ന് പതാകയുടെ മാതൃക നിർമിച്ചത്. ഖത്തർ ദേശീയ പതാകയുടെ നിറങ്ങളായ വെള്ള, മറൂൺ വസ്ത്രങ്ങളണിഞ്ഞ് 140 വരികളിലും 55 നിരകളിലുമായി കൃത്യമായ അകലം പാലിച്ച് വിദ്യാർഥികൾ അണിനിരന്നാണ് ദൃശ്യവിസ്മയം ഒരുക്കിയത്.
1,925 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സ്കൂൾ ഗ്രൗണ്ടിലായിരുന്നു പതാകയുടെ മാതൃക ഒരുക്കിയിരുന്നത്. ഖത്തറിന്റെ ദേശീയ ഐക്യത്തോടുള്ള ആദരസൂചകമായി ആസൂത്രണത്തോടെയും അച്ചടക്കത്തോടെയും വിദ്യാർഥികളും അധ്യാപകരും അണിനിരന്നു. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്സിന്റെ സർട്ടിഫിക്കറ്റും സ്വർണ മെഡലും എം.ഇ.എസ് ഗവേണിങ് ബോർഡ് പ്രസിഡന്റ് ബി.എം. സിദ്ദീഖ് അനാച്ഛാദനം ചെയ്തു.
സ്കൂളിന്റെ നേട്ടത്തിനു പിന്നിൽ പരിശ്രമിച്ച വിദ്യാർഥികളെയും ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. സ്കൂളിന്റെ മുന്നേറ്റത്തിനും വിജയത്തിനും പിന്തുണ നൽകുന്ന രക്ഷിതാക്കളോട് കൃതഞ്ജത അറിയിക്കുകയും അറിയിച്ചു. ചടങ്ങിൽ സ്കൂൾ ഗവേണിങ് ബോർഡ് ഡയറക്ടർമാർ, എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ, എം.ഇ.എസ് അബു ഹമൂർ ബ്രാഞ്ച് പ്രിൻസിപ്പൽ പ്രമീള കണ്ണൻ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. ഫിസിക്കൽ എജുക്കേഷൻ കോഓഡിനേറ്റർ സലിം ജെ. നദാഫ്, കൾച്ചറൽ കമ്മിറ്റി കൺവീനർ അൻവർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഫിയോണ ഡിക്രൂസ് സ്വാഗതവും രമ ദേവി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

