എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഈവനിങ് ഷിഫ്റ്റ് ക്ലാസുകൾ ആരംഭിച്ചു
text_fieldsഎം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഈവനിങ് ഷിഫ്റ്റ് വിഭാഗത്തിൽ ക്ലാസുകൾ ആരംഭിച്ചപ്പോൾ
ദോഹ: പ്രത്യാശയുടെ പുതിയ പാഠങ്ങളുമായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഈവനിങ് ഷിഫ്റ്റ് വിഭാഗത്തിൽ അധ്യയന വർഷത്തിന് തുടക്കം. സ്കൂളിലേക്ക് തിരിച്ചെത്തിയ വിദ്യാർഥികളെ അധ്യാപകരും മാനേജ്മെന്റ് അധികൃതരും ചേർന്ന് സ്വീകരിച്ചു. ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്. വർണാഭമായ ബലൂണുകളും തോരണങ്ങളും ഒരുക്കി സ്കൂളും ക്ലാസ് മുറികളും അലങ്കരിച്ചിരുന്നു. പുതിയ ക്ലാസ് മുറികൾ പരിചയപ്പെട്ടും സഹപാഠികളുമായി സൗഹൃദം പുതുക്കിയും വിദ്യാർഥികൾ ആദ്യദിനം ആഘോഷമാക്കി. സീനിയർ വൈസ് പ്രിൻസിപ്പൽ ഷിഹാബുദ്ദീൻ പുലത്ത്, ഹെഡ്മിസ്ട്രസ് സമീന അഷ്ഫാഖ്, ക്ലാസ് ടീച്ചർമാർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെ സ്വീകരിച്ചു.
സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് നേരത്തേ വിപുലമായ തയാറെടുപ്പുകൾ നടത്തിയിരുന്നു. ഇതിന് മുന്നോടിയായി അധ്യാപകർക്കായി പ്രത്യേക പരിശീലന പരിപാടികളും ഓറിയന്റേഷൻ സെഷനുകളും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ നേതൃത്വം നൽകിയ സെഷനിൽ അധ്യാപകർക്ക് പുതിയ അധ്യയന വർഷത്തേക്കുള്ള ദിശാബോധവും പ്രായോഗിക നിർദേശങ്ങളും നൽകി. വിവിധ ഡിപ്പാർട്ട്മെന്റുകൾ ഒത്തുചേർന്ന് പാഠ്യപദ്ധതി ആസൂത്രണം ചെയ്യുകയും പഠന സാമഗ്രികൾ മുൻകൂട്ടി തയാറാക്കുകയും ചെയ്തു. അധ്യാപന രീതി മെച്ചപ്പെടുത്തുന്നതിനായി ഡെമോൺസ്ട്രേഷൻ ക്ലാസുകളും, സ്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ഇ.ആർ.പി പരിശീലനവും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

