പത്രവാർത്തയിൽ അനുഭവിച്ചറിഞ്ഞ കാനറികളുടെ ലോകകിരീടം
text_fields1994 ലോകകപ്പിൽ ബ്രസീലിനുവേണ്ടി ഗോൾ നേടിയപ്പോൾ ബെബെറ്റോയുടെ (നടുവിൽ) താരാട്ട് ആഘോഷം. സഹതാരങ്ങളായ മാഴ്സിന്യോ, റൊമാരിയോ എന്നിവർ സമീപം
1994ലെ യു.എസ് ലോകകപ്പ്. ഏറെ പ്രത്യേകതകളോടെയായിരുന്നു അമേരിക്കയിൽ കളമുണർന്നത്. 24 ടീമുകൾ അവസാനമായി മത്സരിച്ച ലോകകപ്പ്. മറഡോണയും എസ്‌കോബാറും റോജർ മില്ലയും റൊമാരിയോയും ബാജിയോയും സ്റ്റോയിക്കോവും ഒലെഗ് സാലെങ്കോയും വാർത്തകളിൽ നിറഞ്ഞ മേള. ഓർമയിലെ എന്റെ ആദ്യ ലോകകപ്പ് കൂടിയായിരുന്നു. വായനയിലൂടെ അനുഭവിച്ചറിഞ്ഞ, ആസ്വദിച്ചൊരു ഫിഫ ലോകകപ്പ്.
മത്സരം നടക്കുന്നത് പലതും ഇന്ത്യൻ സമയം പുലർകാലങ്ങളിൽ. നാട്ടിൽ ടി.വിയുള്ള വീടുകളും കുറവ്. ഇന്നത്തെപ്പോലെ ഇന്റർനെറ്റും സമൂഹ മാധ്യമങ്ങളുമൊന്നുമില്ലാത്ത കാലം. ചെറിയ പ്രായമായതു കൊണ്ടുതന്നെ വേറെ സ്ഥലങ്ങളിൽ പോയി ലോകകപ്പ് ഉറക്കമൊഴിച്ചു കാണാൻ വീട്ടിൽനിന്ന് അനുവാദവുമില്ല. ഏക ആശ്രയം മത്സരങ്ങളുടെ വിവരണങ്ങളുമായി അടുത്ത ദിവസം പുറത്തിറങ്ങുന്ന പത്രങ്ങൾ മാത്രം. അതും സുബ്ഹിക്ക് പള്ളിയിൽ പോയി വരുമ്പോൾ അയൽവീട്ടുകാരൻ ഉണരും മുമ്പേ ഒന്നാം പേജും സ്പോർട്സ് പേജും സ്വന്തമാക്കി വേണം ആകാംക്ഷാപൂർവം വായിക്കാൻ.
1994 മുതൽ പിന്തുടരുന്ന ഇഷ്ട ടീം ബ്രസീൽ തന്നെയായിരുന്നു. റൊമാരിയോയുടെയും ബെബെറ്റോയുടെയും ഗോൾ ആഘോഷങ്ങൾ പത്രങ്ങളിൽ ഫോട്ടോ ആയി കാണുമ്പോൾ മനസ്സിലൊരു കുളിർമ. ഫൈനലിൽ ബാജിയോയുടെ പെനാൽറ്റി ബാറിനു മുകളിലൂടെ പറന്നതും ബ്രസീൽ നാലാം കിരീടം നേടിയതും വായനയിലൂടെ തന്നെയാണ് ആസ്വദിച്ചത്. പിന്നീട് യൂട്യൂബിലൂടെ മിക്ക മത്സരങ്ങളും ഫൈനലും ഒക്കെ കണ്ടിട്ടുണ്ട്. സൗദി താരം നേടിയ മനോഹരമായ ഗോളും ബെബെറ്റോയുടെ താരാട്ടാഘോഷവും ടൂർണമെന്റിലെ കറുത്ത കുതിരകളായി മുന്നേറിയ സ്റ്റോയിക്കോവിന്റെ ബൾഗേറിയയും സെൽഫ് ഗോളിന്റെ പേരിൽ കൊല്ലപ്പെട്ട കൊളംബിയയുടെ എസ്‌കോബാറും 1994 യു.എസ് ലോകകപ്പിന്റെ മുഖചിത്രങ്ങളായിരുന്നു. ഏറെ വർഷങ്ങൾക്കുശേഷം സാംബ താളം നിറഞ്ഞാടിയൊരു ലോകകപ്പ് തന്നെയായിരുന്നു 1994ലേത്. ഗോൾകീപ്പർ ടഫറേലും ക്യാപ്റ്റൻ ദുംഗയും റൊമാരിയോയും ബ്രാങ്കോയും അന്നത്തെ പ്രിയതാരങ്ങൾ.
ചിരവൈരികളായ അർജന്റീന ഫാനായ കൂട്ടുകാരൻ റിഫാഷിൽനിന്ന് മറഡോണയുടെയും കനീജിയയുടെയും ചരിതങ്ങൾ കേട്ടിട്ടുണ്ടെങ്കിലും മനസ്സിൽ ഇഷ്ടം തോന്നിയത് കനീജിയയോടും ഒർടേഗയോടും മാത്രം. 2002 ഏഷ്യയിൽ നടന്ന ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കിയ ബ്രസീൽ തന്നെ 2022ൽ അറേബ്യൻ മരുഭൂവിൽ നടക്കുന്ന പ്രഥമ ലോകകപ്പ് നേടുമെന്ന വിശ്വാസത്തിലാണ്. മനോഹരമായ ലുസൈൽ സ്റ്റേഡിയം ഡിസംബർ 18ന് മഞ്ഞക്കടൽ തീർക്കുമെന്നും ഉറപ്പുണ്ട്.
കൂടെ കാനറിപ്പടക്ക് പിന്തുണയുമായി ഗാലറിയിൽ പന്ത്രണ്ടാമന്മാരായി ബ്രസീൽ ഫാൻസ് ഖത്തറും ഉണ്ടാവും. ലോകകപ്പ് ആവേശരാവുകൾക്ക് തിരിതെളിയാൻ ഇനി നൂറോളം ദിവസം മാത്രം ബാക്കിനിൽക്കെ ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ബ്രസീൽ ഫാൻസ് പ്രീമിയർ ലീഗും സൗഹൃദമത്സരങ്ങളും ഗ്രാൻഡ് മീറ്റപ്പും ബ്രസീലിൽനിന്നുള്ള വ്ലോഗേഴ്സിന്റെയും പ്രമുഖ മീഡിയ പ്രവർത്തകരുടെയും ബ്രസീലിലെ പ്രശസ്ത ഫുട്ബാൾ താരങ്ങളുടെയും സാന്നിധ്യത്തിൽ സംഘടിപ്പിച്ച് ബ്രസീൽ ഫാൻസ് ഖത്തർ അരങ്ങ് തകർക്കുകയാണ്. ബ്രസീലിന്റെ ദേശീയ താരം മാഴ്‌സലോ ആയിരുന്നു ലോഗോ പ്രകാശനം ചെയ്‌തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

