ഖത്തർ മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാനത്ത് ജർമൻ സംഘത്തിെൻറ വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യാൻ പോയപ്പോഴാണ് ഉഗാണ്ടൻ സ്വദേശിയായ മഹ്മൂദിനെ പരിചയപ്പെടുന്നത്. സെക്യൂരിറ്റി ജീവനക്കാരനാണ്. ഒൗദ്യോഗിക പേര് ക്യാഞ്ചിർ ജെർമിയ. ഉഗാണ്ടയിൽ അങ്ങിനെ ആണത്രേ. മതപരമായി ജീവിക്കുന്ന ക്രിസ്ത്യാനികളും മുസ്ലിംകളും തങ്ങളുെട കുട്ടിക്ക് അങ്ങിനെയുള്ള ഒരു പേരും കൂടി ഇടും. അങ്ങിനെയാണ് മഹ്മൂദിന് ആ പേര് കിട്ടുന്നത്.
ഇബൻറ ജില്ലയിലാണ് വീട്. ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്നതിനെ അഭിനന്ദിച്ച് ചോദിച്ചു. ഇതെങ്ങനെ കഴിയുന്നുവെന്ന്. വ്യാകരണ നിയമങ്ങൾ ഒാർത്ത് തലപുണ്ണാക്കി ഇംഗ്ലീഷ് പറയാത്ത മലയാളിയുടെ സ്വാഭാവിക ചോദ്യം. പക്ഷേ മഹ്മൂദ് ചിരിച്ചുകൊണ്ട് പറഞ്ഞു ‘എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്, ഇംഗ്ലീഷൊക്കെ പുല്ലാണ്’. ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലെ മകാരിർ സർവകലാശാലയിൽ നിന്ന് മെഡിസിൻ സയൻസിൽ ബിരുദം നേടിയ ആളാണ്. ഒപ്പം ഒരു സെൽഫിയൊക്കെയെടുത്തു ഞാൻ. വാട്സ് ആപ് നമ്പർ സേവ് ചെയ്തു. റമദാൻ ആയപ്പോൾ ഒരു ആകാംക്ഷ, ഉഗാണ്ടയിലെ നോമ്പ് എങ്ങിനെയാകും...?
മഹ്മൂദ് തന്നെ പറയെട്ട
ഖത്തറിലെ റമദാൻ നോമ്പിെൻറ ദൈർഘ്യം തന്നെയാണ് ഉഗാണ്ടയിലേതും. രാത്രി ഏറെ വൈകി വീടുകളിൽ സുഹൂർ ഉണ്ടാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. മതൂക്കെ എന്നറിയപ്പെടുന്ന അരി ഉപയോഗിച്ചാണ് പ്രത്യേക പാൽകഞ്ഞി ഉണ്ടാക്കുക. ഇറച്ചിയും ഉണ്ടാകും. ഇൗ പാൽകഞ്ഞി വ്രതം എടുക്കുന്നവർക്ക് ദിവസം മുഴുവൻ ഉൗർജം നൽകാൻ പര്യാപ്തമാണ്.
സുഹൂർ കഴിക്കുേമ്പാഴും നല്ല ഇരുട്ട് ആയിരിക്കും. പിന്നീട് ആളുകൾ നേരെ പള്ളിയിലേക്ക് പോകും. രാവിലെ ഏഴ് മണിയോടെയാണ് ഉറങ്ങുക. ഉണർന്ന് കഴിഞ്ഞാൽ മുതിർന്നവർ ജോലിക്ക് പോകും. കുട്ടികൾ സ്കൂളുകളിലേക്കും.
ഉച്ചഭക്ഷണത്തിന് സമയമാകുേമ്പാൾ മുസ്ലിം വിദ്യാർഥികൾ മറ്റുള്ളവർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യത്തിനായി പുറത്തുപോകും. വൈകുന്നേരം നോമ്പുതുറക്കും മതൂക്ക് അരികൊണ്ടുള്ള ഭക്ഷണമാണ്. ഇറച്ചിയും ചപ്പാത്തിയും കുടെയുണ്ടാകും. ചപ്പാത്തി ഉഗാണ്ടയിലെ നോമ്പുതുറക്കുള്ള അവിഭാജ്യഘടകമാണ്. അയൽവാസികളെയും മറ്റും വീടുകളിലേക്ക് ക്ഷണിക്കും. പള്ളികളിൽ റമദാനിൽ നോമ്പുതുറ ഭക്ഷണം വിതരണം ചെയ്യാറില്ല. എന്നാൽ സാധനങ്ങൾ പള്ളികളിൽ നിന്ന് ഒാരോ കൂട്ടായ്മകൾക്കും നൽകും. അരി, ഗോതമ്പ്, പാചകത്തിനുള്ള എണ്ണ, പഞ്ചസാര തുടങ്ങിയവയാണ് നൽകുക. കോഴി, ആട്, പോത്ത് തുടങ്ങിയവയെയും ചിലപ്പോൾ നൽകും. എന്നാൽ ഇതുകൊണ്ടൊന്നും റമദാനിലെ മുഴുവൻ ചെലവുകളും ഒത്തുപോകില്ല. ചെറിയ പെരുന്നാൾ ദിനം ദേശീയ അവധി ദിനമാണ്. സർക്കാർ ഒാഫിസുകേളാ, സ്കൂളുകളോ പ്രവർത്തിക്കില്ല. റമദാൻ മാസത്തിെൻറ അവസാനമെന്ന നിലയിലാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
രാജ്യത്തെ പൊതുവായ അവസ്ഥയാണ് എല്ലാ വിഭാഗം ജനങ്ങളുടേതും. പണക്കാരും പാവപ്പെട്ടവരും ഉണ്ട്. എന്നാൽ മിക്കവർക്കും രണ്ട് നേരം മാത്രമേ ആഹാരത്തിന് വകയുള്ളൂ. എന്നാൽ ഒന്നിെൻറ പേരിലും ആരും വിവേചനം നേരിടുന്നില്ല. എല്ലാവരും ഉഗാണ്ടൻ പൗരൻമാരായി സമൻമാരായാണ് കഴിയുന്നത്. (എന്താല്ലേ, ഉഗാണ്ട കൊള്ളാമല്ലോ...)
നേരിട്ടുള്ള വിമാനമാണെങ്കിൽ ആറുമണിക്കൂറിൽ ഖത്തറിൽ നിന്ന് ഉഗാണ്ടയിൽ എത്താം. എെൻറബ്ബെ ആണ് പ്രധാന വിമാനത്താവളം. കിഴക്കൻ ആഫ്രിക്കയിലെ രാജ്യമാണ്. കെനിയ, സുഡാൻ, കോംഗോ, റുവാണ്ട, താൻസാനിയ എന്നീ രാജ്യങ്ങളുമായാണ് അതിർത്തി പങ്കിടുന്നത്. 1962 ഒക്ടോബർ ഒമ്പതിനാണ് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നത്. ലോകത്തെ ദരിദ്രരാജ്യങ്ങളിലൊന്നാണ്. കാർഷിക മേഖലയാണ് പ്രധാന വരുമാന മാർഗം. 85 ശതമാനവും ക്രിസ്ത്യാനികൾ, മുസ്ലിംകൾ 14 ശതമാനം.