മധ്യസ്ഥശ്രമങ്ങൾ മാധ്യമ ശ്രദ്ധക്ക് വേണ്ടിയല്ല, അത് വലിയ ഉത്തരവാദിത്തം -ഖത്തർ
text_fieldsദോഹ: മധ്യസ്ഥശ്രമങ്ങളിൽ പങ്കാളിയാകുന്നത് കേവലം മാധ്യമ ശ്രദ്ധക്കോ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടാനോ വേണ്ടിയല്ലന്നും മറിച്ച് അതൊരു വലിയ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി ഖത്തർ. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും രാഷ്ട്രീയ പരിഹാരങ്ങളിലേക്കുള്ള പാത ഒരുക്കുന്നതിനുമുള്ള ഫലപ്രദമായ മാർഗമായാണ് മധ്യസ്ഥ ശ്രമങ്ങളെ ഖത്തർ കാണുന്നതെന്നും അഞ്ചാമത് അൻതാല്യ ഡിപ്ലോമസി ഫോറത്തിൽ നടന്ന ഉന്നതതല ചർച്ചയിൽ ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി വ്യക്തമാക്കി.
മധ്യസ്ഥതയുടെ അടിസ്ഥാനം 'വിശ്വാസം' ആണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി എല്ലാ കക്ഷികളുമായും ആശയവിനിമയത്തിനുള്ള മാർഗങ്ങൾ നിലനിർത്തിയും സ്ഥിരതയും വിവേകവും പുലർത്തിയുമാണ് ഖത്തർ ഈ വിശ്വാസം കെട്ടിപ്പടുത്തിട്ടുള്ളത്. ആഫ്രിക്കയിലെ സമാധാന ശ്രമങ്ങളെയും, കോംഗോ ഗവൺമെന്റും എം23 ഗ്രൂപ്പും തമ്മിലുള്ള ചർച്ചകൾക്ക് ഖത്തർ നൽകിയ പിന്തുണയെയും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇരു കക്ഷികൾക്കും പരസ്പര ധാരണകളിൽ എത്തിച്ചേരാൻ സഹായിക്കുന്നതിന് വിശ്വസനീയമായ ഒരു വേദി ഒരുക്കിയാണ് ഇത് സാധ്യമാക്കിയത്.
നിലവിൽ സംഘർഷങ്ങൾ വർധിക്കുന്നത് നയതന്ത്ര തലത്തിൽ വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം മധ്യസ്ഥ ശ്രമങ്ങളെ ബാധിച്ചിട്ടുണ്ടെന്നും ചർച്ചകളെ കൂടുതൽ സങ്കീർണമാക്കുകയും ചെയ്തിണ്ട്. എന്നാൽ, ഇത്തരം സാഹചര്യങ്ങളിലാണ് മധ്യസ്ഥത കൂടുതൽ അനിവാര്യമായി മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

