മീഡിയവണ്‍ 'റണ്‍ ദോഹ റൺ' മാരത്തണ്‍ 31ന്
text_fieldsദോഹ: ഖത്തറിെൻറ കായികകുതിപ്പിനൊപ്പം ചേര്‍ന്നുകൊണ്ട് ജനങ്ങളില്‍ വ്യായാമശീലം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യവുമായി മീഡിയവണ്‍ റണ്‍ ദോഹ റണ്‍ എന്ന പേരില്‍ ദീര്‍ഘദൂര ഓട്ടമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
ഡിസംബർ 31ന് നടക്കുന്ന മത്സരത്തിൽ പുരുഷ-വനിത വിഭാഗങ്ങളിലായി സ്വദേശികള്‍ക്കും വിദേശികള്‍ക്കും പങ്കെടുക്കാം. 10 കി.മീ, 5 കി.മീ, 3 കി.മീ വിഭാഗങ്ങളിലാണ് മത്സരം.
മുതിര്‍ന്നവരില്‍ ഓപണ്‍, മാസ്റ്റേഴ്സ് എന്നീ രണ്ട് കാറ്റഗറികളിലായി പുരുഷന്മാര്ക്കും വനിതകള്‍ക്കും വെവ്വേറെ മത്സരങ്ങള്‍ നടക്കും. 16 മുതല്‍ 40 വയസ്സ് വരെയുള്ളവരാണ് ഓപണ്‍ വിഭാഗത്തില്‍. 40 വയസ്സിനു മുകളിലുള്ളവർ മാസ്റ്റേഴ്സ് കാറ്റഗറിയിലാണ് പങ്കെടുക്കേണ്ടത്. കുട്ടികള്‍ക്ക് പ്രൈമറി, സെക്കൻഡറി എന്നിങ്ങനെ രണ്ടു കാറ്റഗറിയാണുള്ളത്. ഏഴു വയസ്സ് മുതല്‍ 10 വയസ്സു വരെയുള്ള കുട്ടികളാണ് പ്രൈമറി കാറ്റഗറിയില്‍ മത്സരിക്കുക. 11 മുതല്‍ 15 വരെ സെക്കൻഡറി കാറ്റഗറിയിലും. പന്ത്രണ്ടു വയസ്സിന് മുകളിലുള്ളവര്‍ വാക്സിനേഷന് രണ്ടു ഡോസും പൂര്‍ത്തിയാക്കിയവരാകണം. പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന് നിര്‍ബന്ധമില്ല. ഡിസംബര്‍ 31 വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതല്‍ ദോഹ ആസ്പയര് പാര്‍ക്കില്‍ മത്സരങ്ങള്‍ ആരംഭിക്കും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ടീഷര്‍ട്ട്, മെഡല്‍, ഇലക്ട്രോണിക് ബിബ് തുടങ്ങിയവ നല്‍കും. എല്ലാ കാറ്റഗറികളിലും ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് സ്മാര്‍ട്ട് വാച്ചുകള്‍ സമ്മാനമായി നല്‍കും.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 31357221, 55200890 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.